സംസ്ഥാനത്തെ വ്യാജവാഹനങ്ങള്‍ തടയാനുള്ള അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ തുടക്കത്തില്‍ പുതിയ വാഹനങ്ങളിലായിരിക്കുമെങ്കിലും ഘട്ടംഘട്ടമായി ഇവ പഴയ വാഹനങ്ങള്‍ക്കും നിര്‍ബന്ധമാക്കുമെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.

വാഹനത്തിനുമുന്നിലും പിന്നിലും നമ്പര്‍പ്ലേറ്റുകളുണ്ടായിരിക്കും. അഴിച്ചുമാറ്റുമ്പോള്‍ പൊളിഞ്ഞുപോകുന്ന തരത്തിലുള്ളതാകും ഇത്. അലുമിനിയം നമ്പര്‍പ്ലേറ്റില്‍ ക്രോമിയം ഉപയോഗിച്ച് ഹോളോഗ്രാം രീതിയിലാണ് അക്കമെഴുതുന്നത്. 

ഓരോവാഹനത്തിനും വ്യത്യസ്തമായ കോഡുകള്‍ നല്‍കും. വാഹനത്തിന്റെ രജിസ്‌ട്രേഷനടക്കമുള്ള വിവരങ്ങള്‍ ഈ കോഡുമായി ബന്ധിപ്പിക്കും. നിലവില്‍ ഗുജറാത്ത്, ബംഗാള്‍, മധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് നടപ്പാക്കിയിട്ടുണ്ട്.

രജിസ്റ്റര്‍ചെയ്യുമ്പോള്‍ മോട്ടോര്‍ വാഹനവകുപ്പ് അനുവദിക്കുന്ന നമ്പര്‍ നമ്പര്‍പ്ലേറ്റില്‍ പതിച്ച് വാഹനത്തില്‍ ഘടിപ്പിക്കേണ്ട ചുമതല ഡീലര്‍മാര്‍ക്കാണ്. ഈ നിബന്ധന ഉള്‍പ്പെടുത്തി കേന്ദ്രമോട്ടോര്‍വാഹനചട്ടത്തില്‍ ഭേദഗതിവരുത്തി വിജ്ഞാപനമിറക്കയിരുന്നു. 

പൊതു, സ്വകാര്യ, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇപ്പോഴുള്ള നമ്പര്‍പ്ലേറ്റ് നിറങ്ങള്‍തന്നെ തുടരും. 2001 സെപ്റ്റംബറില്‍ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ്  ഏര്‍പ്പെടുത്താന്‍ നിയമഭേദഗതി നടത്തിയിരുന്നു. എന്നാല്‍, ചുരുക്കം സംസ്ഥാനങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പായത്.

പുതിയ ഭേദഗതിയിലൂടെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റ് വാഹനവില്‍പ്പനയുടെ ഭാഗമായി. നമ്പര്‍പ്ലേറ്റ് നിര്‍മിക്കാന്‍ അംഗീകാരമുള്ള ഏജന്‍സിയെ വാഹനനിര്‍മാതാവിന് ഏര്‍പ്പെടുത്താം. രജിസ്‌ട്രേഷന്‍ നമ്പര്‍, എന്‍ജിന്‍, ഷാസി നമ്പറുകള്‍ രേഖപ്പെടുത്തിയ സ്റ്റിക്കറും മുന്‍വശത്തെ ഗ്ലാസില്‍ പതിക്കും. ഇത് ഇളക്കിമാറ്റാനോ തിരുത്താനോ കഴിയില്ല.

Content Highlights: New High-Security Number Plates To Come In Old Vehicles