സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ലൈസന്‍സ് ഏര്‍പ്പെടുത്തിയിട്ടും പകുതിഭാഗം കടലാസില്‍. മോട്ടോര്‍വാഹന വകുപ്പിന്റെ പുതിയ ഡ്രൈവിങ് ലൈസന്‍സില്‍ ഉള്‍ക്കൊള്ളാനാകുക നാലു വിഭാഗങ്ങള്‍ മാത്രമാണ്. അതില്‍ കൂടുതല്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുമതിയുണ്ടെങ്കില്‍ അവ ഉള്‍പ്പെടുത്തി 'കടലാസ് ലൈസന്‍സ്' വേറെ തരും.

ഉടമയ്ക്ക് 'ഇഷ്ടപ്പെട്ട' നാല് വിഭാഗങ്ങള്‍ കാര്‍ഡിലെ ലൈസന്‍സില്‍ ഉള്‍ക്കൊള്ളിക്കാം. മറ്റുള്ളവയ്ക്ക് ലൈസന്‍സ് വിശദാംശങ്ങളുടെ (ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്) പകര്‍പ്പ് നല്‍കും. കോടികള്‍ മുടക്കി ഡ്രൈവിങ് ലൈസന്‍സ് സംവിധാനം നവീകരിച്ചപ്പോഴാണ് ഈ ഗതികേട്. പേപ്പര്‍ രേഖകള്‍ സൂക്ഷിക്കാന്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധിതരാകുകയാണ്. കേന്ദ്രീകൃത ലൈസന്‍സ് വിതരണ സംവിധാനമായ സാരഥിയിലെ ന്യൂനതയാണു കാരണം.

ടൂ വീലര്‍, ഓട്ടോറിക്ഷ, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി തുടങ്ങി സംസ്ഥാനത്ത് 14 വിഭാഗങ്ങളില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ നല്‍കിയിരുന്നു. ഇവ പുതിയ സംവിധാനത്തിലേക്കു മാറുമ്പോഴുള്ള ആശയക്കുഴപ്പം പരിഹരിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ലൈറ്റ്‌മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സുള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാമെന്നും പ്രത്യേക ലൈസന്‍സ് വേണ്ടെന്നും ഉത്തരവ് ഇറക്കിയിരുന്നു. 

driving licence

കാറിന്റെ ലൈസന്‍സുകൊണ്ട് മിനി ലോറിയും ഓടിക്കാം. ഇതിന്റെ ഭാഗമായി ചരക്ക് വാഹനങ്ങള്‍ക്കും യാത്രാവാഹനങ്ങള്‍ക്കും പ്രത്യേകം ലൈസന്‍സ് നല്‍കുന്നതും അവസാനിപ്പിച്ചു. എന്നാല്‍, 7500 കിലോയ്ക്കു മുകളില്‍ ഭാരമുള്ള വാഹനങ്ങള്‍ക്ക് ഹെവി ലൈസന്‍സ് വേണമെന്നാണ് നിബന്ധന. ക്രെയിന്‍, എസ്‌കവേറ്റര്‍, റോഡ് റോളര്‍, ട്രെയിലര്‍, ഫോര്‍ക്ക് ലിഫ്റ്റ് തുടങ്ങിയവയ്ക്ക് പ്രത്യേകം ലൈസന്‍സും വേണമെന്നുണ്ട്. 

ഹെവി ലൈസന്‍സുള്ളവരാണ് ഉപജീവനത്തിനുവേണ്ടി ഈ വാഹനങ്ങളും ഓടിക്കുന്നത്. നിര്‍മാണക്കമ്പനികളില്‍ ജോലിചെയ്യുന്നവര്‍ക്ക് വിവിധതരം വാഹനങ്ങള്‍ ഓടിക്കേണ്ടിവരുന്നുണ്ട്. ബസ്, ലോറി ഡ്രൈവര്‍മാര്‍ക്ക് ഇരുചക്ര വാഹനങ്ങളുടെയും കാറിന്റെയും ലൈസന്‍സ് കാര്‍ഡില്‍ ലഭിക്കാത്ത അവസ്ഥയാണ്.

കാര്‍ഡില്‍ ഇല്ലെങ്കിലും ഓണ്‍ലൈനില്‍ പൂര്‍ണം

ലാമിനേറ്റഡ് ഡ്രൈവിങ് ലൈസന്‍സില്‍ ഉള്‍ക്കൊള്ളാത്ത വിവരങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനിലുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ആര്‍ക്കും ലൈസന്‍സിന്റെ പൂര്‍ണ വിവരങ്ങള്‍ ശേഖരിക്കാനാകും. ഡിജിറ്റല്‍ രൂപത്തിലെ രേഖകള്‍ സ്വീകരിക്കും.

Content Highlights: New Form Of Driving Licence, Driving Licence Card