പത്തനംതിട്ട: പുതുക്കിയ രീതിയിലുള്ള ഡ്രൈവിങ് പരീക്ഷ മേയ് 22 മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദേശം. പുതുമകളോടെ പരീക്ഷ നടപ്പാക്കാനുള്ള തീരുമാനം ഹൈക്കോടതി മേയ് 15 വരെ തടഞ്ഞിരുന്നു. പരീക്ഷാ ഗ്രൗണ്ടുകളില്‍ മുന്നൊരുക്കം നടത്താനാണ് സാവകാശമെടുക്കുന്നതെന്ന് മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഗ്രൗണ്ടിലെ ഒരുക്കം ഈ സമയത്തിനകം നടത്താന്‍ കഴിയില്ലെന്നാണ് ഡ്രൈവിങ് പരിശീലകര്‍ പറയുന്നത്. പുതുക്കിയ പരീക്ഷയ്ക്ക് മുന്നോടിയായി പരിശീലകര്‍ക്ക് പരിശീലനം നല്‍കേണ്ടതുണ്ട്. പുതിയ രീതികള്‍ പരിചയപ്പെടുത്തുകയും അത് മത്സരാര്‍ഥികളെ പഠിപ്പിക്കുകയും വേണം.

ഇതൊന്നുമില്ലാതെ പൊടുന്നനെ പുതിയരീതി സ്വീകരിക്കാന്‍ കഴിയില്ലെന്ന് ഡ്രൈവിങ് ഇന്‍സ്ട്രക്ടേഴ്സ് യൂണിയന്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സലീം പി. ചാക്കോ പറഞ്ഞു. ചൊവ്വാഴ്ച സംഘടന പത്തനംതിട്ടയില്‍ പരീക്ഷാഗ്രൗണ്ടുകളില്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. നിരത്തുകളില്‍ ശരിയായ ഡ്രൈവിങ് ഉറപ്പാക്കാനാണ് പുതിയ രീതികളെന്ന് മോട്ടോര്‍വാഹനവകുപ്പ് വ്യക്തമാക്കി. വേണ്ടതെല്ലാം ഗ്രൗണ്ടുകളില്‍ ഒരുക്കും.

മാറ്റങ്ങള്‍ ഇവയാണ്

  • വശങ്ങളില്‍ സ്ഥാപിക്കുന്ന കമ്പിയുടെ ഉയരം അഞ്ചടിയില്‍നിന്ന് രണ്ടര അടിയാക്കി കുറച്ചു. വാഹനത്തിലിരുന്ന് തിരിഞ്ഞുനോക്കിയാല്‍ കമ്പി കാണില്ല.
  • വണ്ടി പിന്നാക്കം എടുക്കാന്‍ വശത്തെ കണ്ണാടിതന്നെ നോക്കണം. ഡോറിന് പുറത്തേക്ക് തലയിട്ട് നോക്കാനും പറ്റില്ല.
  • എച്ച് എടുക്കുമ്പോള്‍ കമ്പികള്‍ റിബണ്‍ ഉപയോഗിച്ച് ബന്ധിപ്പിക്കും. കമ്പി വീഴാന്‍ റിബണില്‍ തട്ടിയാലും മതി.
  • വാഹനം പിന്നാക്കം എടുക്കുമ്പോള്‍ വളവുകള്‍ അറിയാന്‍ കമ്പിയില്‍ അടയാളം സ്ഥാപിക്കാന്‍ പറ്റില്ല.
  • നിരപ്പായ സ്ഥലത്തുമാത്രമല്ല, കയറ്റത്തിലും വാഹനം നിര്‍ത്തി, പിന്നാക്കംപോകാതെ മുന്നോട്ട് ഓടിച്ചുകാണിക്കണം.
  • രണ്ട് വണ്ടികള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിങ് ടെസ്റ്റും പാസാകണം.