ടല്‍സുരക്ഷയ്ക്കായി വിഴിഞ്ഞത്ത് പുതിയൊരു ചെറു കപ്പല്‍കൂടി സജ്ജമായി. തീരസംരക്ഷണസേനയാണ് കപ്പല്‍ കമ്മിഷന്‍ ചെയ്തത്. അത്യാധുനിക ആയുധങ്ങളും സൗകര്യങ്ങളും അടക്കമുള്ള സി-441 എന്ന ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തിലുള്ള ചെറുകപ്പലാണ് സേനയ്ക്കു സ്വന്തമായത്. കടലില്‍ നിരീക്ഷണവും അപകടത്തില്‍പ്പെടുന്ന ബോട്ടുകളെയും വള്ളങ്ങളെയും രക്ഷപ്പെടുത്തുന്നതുമാണ് പ്രധാന ദൗത്യം.

ബുധനാഴ്ച രാവിലെ വിഴിഞ്ഞം വാര്‍ഫില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി ടോം ജോസ് വിദൂരനിയന്ത്രണ സംവിധാനത്തിലൂടെ ഇതിന്റെ കമ്മിഷന്‍ നിര്‍വഹിച്ചു. തുടര്‍ന്ന് അദ്ദേഹം കപ്പലിലെ ക്യാബിനുള്ളിലെ സംവിധാനങ്ങള്‍ കണ്ടു. പശ്ചിമമേഖലാ കമാന്‍ഡര്‍ ഐ.ജി. വിജയ് ഡി.ചഫീക്കറും സി-441 ന്റെ കമാന്‍ഡിങ് ഓഫീസര്‍ അമിത് കെ.ചൗധരിയും കപ്പലിനെക്കുറിച്ചു വിശദീകരിച്ചുകൊടുത്തു. വ്യാഴാഴ്ച മുതല്‍ കപ്പല്‍ നിരീക്ഷണത്തിനു പുറപ്പെടും.

സേനയുടെ നാലാമത്തെ ചെറുകപ്പല്‍

സി-441 ഇന്ത്യന്‍നിര്‍മിതമാണ്. ഗുജറാത്തിലെ സൂററ്റിലെ എല്‍.&ടി. കമ്പനിയാണ് തീരസംരക്ഷണസേനയ്ക്കുവേണ്ടി ഇതു നിര്‍മിച്ചത്. 26 കോടി രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവ്. സി.-427, ഇന്റര്‍സെപ്റ്റര്‍ വിഭാഗത്തില്‍ ഐ.സി. 310, 390 എന്നിവയാണ് മറ്റു ചെറുകപ്പലുകള്‍.

കഴിഞ്ഞ ഫെബ്രുവരിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിത്. തുടര്‍ന്ന് പരീക്ഷണ ഓട്ടവും നടത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സേനയ്ക്കു കൈമാറി. 27.8 മീറ്റര്‍ നീളവും 6.67 മീറ്റര്‍ വീതിയുമുള്ള കപ്പലിന് ഇരട്ട ഡീസല്‍ എന്‍ജിനുകളാണുളളത്. 106 ടണ്‍ ഭാരമുണ്ട്. ഒറ്റത്തവണ 500 നോട്ടിക്കല്‍ മൈല്‍ അഥവാ 1000 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. പരമാവധി വേഗത 45 നോട്ട്സ് അഥവാ മണിക്കൂറില്‍ 90 കിലോമീറ്ററാണ്.

ഒരു കമാന്‍ഡിങ് ഓഫീസറും 12 സെയിലര്‍മാരുമാണ് ഇതിലുണ്ടാവുക. ഇവര്‍ക്കു കിടക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം, അടുക്കള, ആറ് കിലോമീറ്റര്‍ ദൂരം വരെയുള്ളവയെ വെടിവെച്ചിടാനുള്ള എച്ച്.എം.ഡി. തോക്കുകള്‍, ലൈറ്റ്-മീഡീയം തോക്കുകള്‍ എന്നിവയുമുണ്ട്. ഇതിനു പുറമേ രാത്രിനിരീക്ഷണത്തിനുള്ള ഇന്‍ഫ്രാറെഡ് സംവിധാനവും സ്പീഡ് ബോട്ടും സജ്ജമാക്കിയിട്ടുണ്ട്. ആഴമുള്ളിടത്തും തീരക്കടലിലും ഒരുപോലെ എത്തിച്ചേരാന്‍ സി-441-ന് കഴിയും.

പ്രൗഢഗംഭീര ചടങ്ങ്

ബുധനാഴ്ച രാവിലെ 10-ന് വിഴിഞ്ഞം വാര്‍ഫില്‍ നടന്ന സേനാ കപ്പലിന്റെ കമ്മിഷന്‍ ചടങ്ങ് സേനയുടെ ബാന്‍ഡ് ഗ്രൂപ്പിന്റെ സംഗീതത്തോടെയാണ് ആരംഭിച്ചത്. കപ്പലിന്റെ കമാന്‍ഡറായി നിയമിതനായ അസി. കമാന്‍ഡന്റ് അമിത് കെ.ചൗധരി ആദ്യം കമ്മിഷനിങ് വാറണ്ട് വായിച്ചു. തുടര്‍ന്ന് അദ്ദേഹം കപ്പലിലെത്തി സല്യൂട്ട് ചെയ്തു. ആയുധധാരികളായ സേനാംഗങ്ങള്‍ സല്യൂട്ട് സ്വീകരിച്ചു.

ഇതോടെ കപ്പല്‍ കമ്മിഷന്‍ ചെയ്തുവെന്നു സൂചിപ്പിക്കുന്നതിനായി പെനന്റ് (കമ്മിഷനിങ് പതാക) ബാന്‍ഡ് ഡ്രൂപ്പ് വായിച്ച ദേശീയഗാനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ത്തി. അനുബന്ധമായി കപ്പലിന്റെ മുന്നിലും പിന്നിലുമായി കെട്ടിയിരുന്ന പതാകകളും ഇതോടൊപ്പം ഉയര്‍ന്നു. ഇത് ഡ്രെസ്സിങ് ഷിപ്പ് എന്നാണറിയപ്പെടുക. പുതിയ വസ്ത്രമുടുപ്പിക്കലിന്റെ പ്രതീകാത്മക ചടങ്ങാണിതെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനുശേഷം ദേശീയപതാകയും സേനയുടെ എംബ്ലം പതിപ്പിച്ച നീല പതാകയും ഉയര്‍ത്തിയതോടെയാണ് കപ്പല്‍ സേനയ്ക്കു സ്വന്തമായത്.ഇനി കപ്പല്‍ ഡീകമ്മിഷന്‍ ചെയ്യുന്നതുവരെ പെനന്റ് പതാക താഴ്ത്തില്ല.

c 441 interceptor
സി 441 ഇന്റര്‍സെപ്റ്റര്‍ കപ്പലിലെത്തിയ ചീഫ് സെക്രട്ടറി ടോം ജോസിന് പശ്ചിമമേഖലാ കമാന്‍ഡര്‍ ഐജി വിജയ് ഡി ചഫീക്കറും കമാന്‍ഡിങ് ഓഫീസര്‍ അമിത് കെ ചൗധരിയും പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്നു.

ചടങ്ങില്‍ ഡി.ഐ.ജി. സനാതന്‍ ജന, കമാന്‍ഡന്റ് ഗൗരവ് സിന്‍ഹ, വിഴിഞ്ഞം സ്റ്റേഷന്‍ കമാന്‍ഡന്റ് വി.കെ.വര്‍ഗീസ്, ഡെപ്യൂട്ടി കമാന്‍ഡന്റ് ജോര്‍ജ് ബോബി, ശംഖുംമുഖം എയര്‍ഫോഴ്സ് സ്റ്റേഷന്‍ കമാന്‍ഡര്‍ പി.കെ.അവസ്തി, പാങ്ങോട് സ്റ്റേഷന്‍ കമാന്‍ഡര്‍ ബ്രിഗേഡിയര്‍ സി.ജെ.അരുണ്‍, തുറമുഖ പര്‍സര്‍ സുരേന്ദ്രന്‍, തുറമുഖ വകുപ്പ് ചീഫ് എന്‍ജിനീയര്‍ പി.കെ.അനില്‍കുമാര്‍, അദാനി തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ്ഝാ, എല്‍ ആന്‍ഡ് ടി മാനേജര്‍ വിനോദ് വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. 

Content Highlights; C 441 interceptor, coast guard