രാജ്യത്തെ ആദ്യ പൊതുമേഖലാ സ്ഥാപനത്തില്‍ നിര്‍മിച്ച കേരളത്തിന്റെ 'നീം-ജി' ഇ-ഓട്ടോകള്‍ ഇനിമുതല്‍ നേപ്പാളിന്റെ നിരത്തുകളില്‍ ഓടും. ഇ-ഓട്ടോകളുടെ നിര്‍മാണം തുടങ്ങിയതിനുശേഷം ആദ്യമായി ഒരു വിദേശരാജ്യം കെ.എ.എല്ലിനെ സമീപിക്കുന്നത് നേപ്പാളായിരുന്നു. പ്രതിവര്‍ഷം അഞ്ഞൂറ് ഇ-ഓട്ടോകളുടെ ഓര്‍ഡറാണ് നേപ്പാള്‍ നല്‍കിയത്.
കോവിഡ് കാലമായതിനാല്‍ ആദ്യഘട്ടത്തില്‍ നേപ്പാളിന് 25 ഇ-ഓട്ടോകളാണ് കൈമാറുന്നത്. ചൊവ്വാഴ്ച രാവിലെ പത്തിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് മന്ത്രി ഇ.പി.ജയരാജന് നേപ്പാള്‍ പ്രതിനിധികള്‍ക്ക് ആദ്യ ഘട്ട ഇ-ഓട്ടോകള്‍ കൈമാറും.ബംഗ്ലാദേശും ശ്രീലങ്കയും ഇ-ഓട്ടോയ്ക്കായി കെ.എ.എല്ലിനെ സമീപിച്ചിട്ടുണ്ട്. ഇവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
കേരളത്തില്‍ നിന്നും മറ്റുസംസ്ഥാനങ്ങളില്‍നിന്നും ഇ-ഓട്ടോയ്ക്ക് ഓര്‍ഡര്‍ ലഭിക്കുന്നുണ്ട്. നിലവിലെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി പ്രതിവര്‍ഷം 7,200 ഇ-ഓട്ടോകള്‍ പുറത്തിറക്കാനാണ് കെ.എ.എല്‍. ലക്ഷ്യമിടുന്നത്.
തോഷിബയുമായുള്ള ചര്‍ച്ച പുരോഗമിക്കുന്നു
ഈടുറ്റ ലിഥിയം ടൈറ്റാനിയം ബാറ്ററിക്കുവേണ്ടി ജപ്പാനിലെ തോഷിബ കമ്പനിയുമായി കെ.എ.എല്‍. ചര്‍ച്ച പുരോഗമിക്കുകയാണെന്ന് എം.ഡി. ഷാജഹാന് പറഞ്ഞു. നിലവില്‍ മൂന്നുമണിക്കൂര്‍ 50 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 80 മുതല്‍ 90 കിലോമീറ്റര്‍ ദൂരംവരെ ഓടാം. വീട്ടിലെ പ്ലഗ് പോയിന്റില്‍നിന്ന് ഓട്ടോയുടെ ബാറ്ററി ചാര്‍ജ് ചെയ്യാം.
വില 2,85,000 രൂപ
കെ.എ.എല്ലിലെ ഇ-ഓട്ടോയ്ക്ക് വില 2,85,000 രൂപയാണ്. ഇതിനൊപ്പം ജി.എസ്.ടി.യും നല്‍കണം. ഇ-ഓട്ടോകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 30,000 രൂപ സബ്സിഡി നല്‍കും. സബ്സിഡി രാജ്യത്തിനകത്ത് നിന്നും വാങ്ങുന്നവര്‍ക്കു മാത്രമാണ് ലഭിക്കുക.
Content Highlights: Nepal Bought Kerala's Electric Auto Neem-G
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..