portable traffic signals
representative image

കൊല്ലം: എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ രൂപകല്‍പ്പനചെയ്ത കൊണ്ടുനടക്കാവുന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനം തായ്ലാന്‍ഡില്‍ നടക്കുന്ന ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എന്‍ജിനീയര്‍മാരുടെ അന്താരാഷ്ട്ര സംഘടനയുടെ (ഐ.ഇ.ഇ.ഇ.) പ്രോജക്ട് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ചാത്തന്നൂര്‍ എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥികളുടെ സ്റ്റാര്‍ട്ട് അപ്പ് ആയ വൈ-നോട്ട് ഇന്നവേഷന്‍സാണ് ഈ അംഗീകാരം നേടിയത്.

സെപ്റ്റംബര്‍ ഏഴ്, എട്ട് തീയതികളില്‍ തായ്ലാന്‍ഡിലെ സറ്റാംഫോര്‍ഡ് ഇന്റര്‍നാഷണല്‍ യൂണിവേഴ്സിറ്റിയിലാണ് പ്രോജക്ട് മത്സരം നടക്കുന്നത്. എം.ഇ.എസ്. എന്‍ജിനീയറിങ് കോളേജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നാലാംവര്‍ഷ വിദ്യാര്‍ഥികളായ സാജിദ് എസ്., ഹരീഷ് കുമാര്‍ വി.എസ്., റിയാസ് ആര്‍., ഒമര്‍സഗീര്‍ എന്നിവരാണ് നിയോ ട്രീ എന്ന കൊണ്ടുനടക്കാവുന്ന ട്രാഫിക് സിഗ്‌നല്‍ സംവിധാനം തയ്യാറാക്കിയത്. പ്രൊഫ. അനൂപ് പി.എസ്. ആണ് ഗൈഡ്. സിഗ്‌നല്‍ സംവിധാനം ടവര്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്നതാണ്.

സിഗ്‌നലിനോട് ചേര്‍ത്ത് ഘടിപ്പിച്ചിരിക്കുന്ന ക്യാമറയിലെ വിവരങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സംവിധാനമാണിത്. ക്യാമറ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് പോലെയുള്ള അവശ്യവാഹനങ്ങള്‍ക്ക് സുരക്ഷിത വഴിയൊരുക്കാനും സാധിക്കും.

കേരള സ്റ്റാര്‍ട്ട് അപ്പ് മിഷനും ഐ.സി.ടി. അക്കാദമി ഓഫ് കേരളയും സംയുക്തമായി സംഘടിപ്പിച്ച മേക്കത്തോണ്‍ മത്സരത്തിലാണ് നിയോട്രീയുടെ ആദ്യരൂപം അവതരിപ്പിച്ചത്. ഇവിടെ ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിവിധ മത്സരങ്ങളില്‍നിന്ന് ലഭിച്ച സമ്മാന തുക ഉപയോഗിച്ച്, പ്രോജക്ടിന് പേറ്റന്റ് സ്വന്തമാക്കിയിട്ടുണ്ട്. പൂര്‍ണമായും സ്വന്തം ഡിസൈനില്‍ ടീം അംഗങ്ങള്‍ തന്നെ നിര്‍മിച്ച നിയോട്രീയുടെ പരിഷ്‌കരിച്ച പതിപ്പാണ് മത്സരത്തിനായി തായ്ലാന്‍ഡിലേക്ക് കൊണ്ടുപോകുന്നതെന്ന് ടീം അംഗങ്ങള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Content Highlights; portable traffic signal made by students, ynot innovations portable traffic signals, neo tree traffic signal made by students