രാജ്യത്തെ ദേശിയപാതകളില്‍ ടോള്‍ പ്ലാസകളില്‍ ടോള്‍ പിരിക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നിര്‍ദേശിച്ച് ദേശിയപാത അതോരിറ്റി. ടോള്‍ നല്‍കുന്നതിന് ദീര്‍ഘനേരമുള്ള കാത്തിരിപ്പിന് അറുതിവരുത്തുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍. 

ടോള്‍ പിരിക്കുന്നതിനായി വാഹനങ്ങള്‍ പത്ത് സെക്കന്‍ഡില്‍ അധികം പിടിച്ചിടരുതെന്നാണ് നിര്‍ദേശങ്ങള്‍ പ്രധാനപ്പെട്ടത്. ഇതിനുപുറമെ, വാഹനങ്ങളുടെ നിര ഒരേസമയം 100 മീറ്ററില്‍ അധികം നീളാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഇത് ടോള്‍പ്ലാസ ഓപ്പറേറ്റര്‍മാര്‍ക്ക് കൈമാറി.

ഇലക്ട്രോണിക് ടോള്‍പിരിവില്‍ നുഴഞ്ഞുകയറ്റം വര്‍ധിക്കുന്നത് കണക്കിലെടുത്ത് കാര്യക്ഷമമായ ടോള്‍പിരിവ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനാണ് നിര്‍ദേശം. വരാനിരിക്കുന്ന ടോള്‍പ്ലാസകളുടെ നിര്‍മാണത്തില്‍ ഉള്‍പ്പെടെ പുതിയ നിര്‍ദേശങ്ങള്‍ ബാധകമാണെന്ന് എന്‍.എച്ച്.എ.ഐ. പറയുന്നു.

വാഹനങ്ങളുടെ നിര 100 മീറ്ററില്‍ കൂടുന്ന പക്ഷം ടോള്‍ തുക ഈടാക്കാതെ ടോള്‍ബൂത്തിന് മുന്‍വശത്തുള്ള വാഹനങ്ങള്‍ തുറന്നുവിടണമെന്ന് എന്‍.എച്ച്.എ.ഐ.യുടെ നിര്‍ദേശത്തില്‍ പറയുന്നു. ഓരോപാതയിലെയും ടോള്‍ ഗേറ്റില്‍നിന്ന് 100 മീറ്റര്‍ മാര്‍ക്കില്‍ മഞ്ഞവരയിട്ട് മാര്‍ഗനിര്‍ദേശങ്ങള്‍ ഉടനടി നടപ്പാക്കും. 

Content Highlights; National Highway Authority Issue New Guidelines For Toll Collection