പ്രതീകാത്മക ചിത്രം
''മൂന്നുലക്ഷം രൂപയ്ക്കാണ് ഒരു സുഹൃത്ത് വഴി ഛത്തീസ്ഖഢില്‍നിന്ന് 2013 മോഡല്‍ ബി.എം.ഡബ്ല്യു. കാര്‍ വാങ്ങിയത്. രജിസ്ട്രേഷന് മണിപ്പൂരില്‍ നമ്മുടെ പേരില്‍ത്തന്നെ വ്യാജ വിലാസത്തില്‍ ചെയ്തു. നടപടികള്‍ പൂര്‍ത്തിയാക്കി കാര്‍ മണിപ്പൂര്‍ ആര്.ടി. ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത് സ്വന്തം പേരിലാക്കി' വാഹന പരിശോധനയ്ക്കിടെ പിടിയിലായ തമ്മനം സ്വദേശി പൗലോസ് ചുളുവിലയില്‍ ആഡംബര കാര്‍ സ്വന്തമാക്കിയ കഥ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത് ഇങ്ങനെ.
എറണാകുളം ആര്.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ മണിപ്പൂര്‍ രജിസ്ട്രേഷനിലെ ആഡംബര കാര്‍ കണ്ടതോടെ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ഇതര സംസ്ഥാന വാഹനങ്ങള്‍ കേരളത്തില്‍ ഓടണമെങ്കില്‍ ടാക്സ് അടച്ച് കേരള രജിസ്ട്രേഷനിലേക്ക് മാറ്റണം.
2013 മോഡല്‍ ബി.എം.ഡബ്ല്യു. കാര്‍ വിലയുടെ 15 ശതമാനം നികുതി അടയ്ക്കണമെന്ന് പറഞ്ഞതോടെയാണ് ചത്തീസ്ഗഢില്‍നിന്ന് വാഹനം വന്ന വഴി യുവാവ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും നികുതി വെട്ടിച്ച് ഇത്തരം നിരവധി വാഹനങ്ങള്‍ കൊച്ചിയിലൂടെ ഓടുന്നുണ്ടെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
ജാഗ്വാര്‍, ബെന്‍സ്, ബി.എം.ഡബ്ല്യു., ഔഡി, ഇന്നോവ...
ബെന്‍സ് മൂന്നു ലക്ഷം, ജാഗ്വാര്‍ ആറു ലക്ഷം, ഔഡി എട്ടു ലക്ഷം, ഇന്നോവ രണ്ട് ലക്ഷം. ഡല്‍ഹി, ഛത്തീസ്ഖഢ്, യു.പി., മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആറു മുതല്‍ 12 വര്‍ഷം വരെ ഉപയോഗിച്ച ആഡംബര വാഹനങ്ങളുടെ 'ആദായ വിലവിവരപ്പട്ടിക' ഇങ്ങനെ നീളുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ നിരത്തിലിറക്കാന്‍ കഴിയാത്ത വാഹനങ്ങളാണ് ചുളുവിലയില്‍ കേരളത്തിലേക്ക് ഒഴുകുന്നത്. ഇതില്‍ ആഡംബര കാറുകള്‍ കൂടുതല്‍ വാങ്ങിയിട്ടുള്ളവര്‍ എറണാകുളം ജില്ലക്കാരാണ്.
3500 ആഡംബര കാറുകള്‍, സര്‍ക്കാരിനു കിട്ടേണ്ടത് കോടികള്‍
കാക്കനാട്: ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങി, അവിടെത്തന്നെ രജിസ്റ്റര്‍ ചെയ്ത 3500ഓളം ആഡംബര കാറുകള്‍ എറണാകുളം ജില്ലയില്‍ ഓടുന്നുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഈ വാഹനങ്ങള്‍ കേരള രജിസ്ട്രേഷനിലേക്ക് മാറ്റിയാല്‍ കോടികള്‍ സര്‍ക്കാരിലേക്ക് ടാക്സ് ഇനത്തില്‍ ലഭിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്കുകൂട്ടല്‍.
റോഡില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകള്‍ പരിശോധിക്കുക വഴി ശേഖരിച്ച കണക്കുകള്‍ പ്രകാരമാണ് ഇത്രയും വാഹനങ്ങള്‍ ഓടുന്നുണ്ടെന്ന വിവരം ലഭിച്ചത്. ടോള്‍ പ്ലാസയില്‍നിന്നുള്ള ഫാസ് ടാഗ് രേഖകള്‍ വഴിയും ഇത്തരം വാഹനങ്ങളുടെ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചു വരുകയാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് വാങ്ങിയ കാറുകള്‍ ടാക്സ് അടച്ച് കേരള രജിസ്ട്രേഷനിലേക്ക് മാറിയില്ലെങ്കില്‍ 50 ശതമാനം പിഴപ്പലിശ ഉള്‍പ്പെടെ ചുമത്തി വണ്ടി പിടിച്ചെടുത്ത് ബ്ലാക്ലിസ്റ്റില്‍ പെടുത്തുമെന്ന് എറണാകുളം ആര്.ടി.ഒ. ജി. അനന്തകൃഷ്ണന് അറിയിച്ചു. ആദ്യഘട്ടത്തില്‍ രണ്ട് വാഹനങ്ങളാണ് പിടിച്ചത്. ഇവര്‍ക്ക് പിഴ ചുമത്തും.
Content Highlights: mvd, pre owned luxury cars
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..