കോവിഡ് രണ്ടാം തരംഗം രാജ്യത്ത് സമാനതകളില്ലാത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനും ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും എല്ലാ സര്‍ക്കാര്‍ വകുപ്പുകളും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നത്. ഈ സാഹചര്യത്തില്‍ ആവശ്യമായ സ്ഥലങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കുന്നതിനായി ഡ്രൈവര്‍മാരെ തേടുകയാണ് മോട്ടോര്‍ വാഹന വകുപ്പ്.

ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മോട്ടോര്‍ വാഹന വകുപ്പ് ഓക്‌സിജന്‍ ട്രക്ക് ഓടിക്കുന്നതിന് യോഗ്യരായ ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ അന്വേഷിച്ചിരിക്കുന്നത്. പരിചയ സമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ളവരുടെ വിവരങ്ങളാണ് എം.വി.ഡിയുടെ മേല്‍നോട്ടത്തില്‍ ശേഖരിക്കുന്നത്. സേവന സന്നദ്ധരായ ഡ്രൈവര്‍മാര്‍ക്ക് വകുപ്പിനെ സമീപിക്കാനുള്ള മാര്‍ഗവും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള യോഗ്യതയുള്ള ഡ്രൈവര്‍മാര്‍ക്ക് https://forms.gle/FRNJw4z4H2ShVRBn9 ഈ ലിങ്കില്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. ഇതിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ലകളിലെ ആര്‍.ടി.ഒമാര്‍ക്ക് ഡ്രൈവര്‍മാരുടെ വിവരം കൈമാറുകയും ആവശ്യമുള്ള സമയത്ത് ഈ ഡ്രൈവര്‍മാരെ വിവരം അറിയിക്കുകയും ചെയ്യുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്കില്‍ അറിയിച്ചിരിക്കുന്നത്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അടിയന്തര സാഹചര്യങ്ങളില്‍ ഓക്‌സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിന്,  പരിചയസമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ള ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നു. താല്‍പര്യമറിയിക്കുന്നവരുടെ വിവരങ്ങള്‍ ക്രോഡീകരിച്ച് അതത് ജില്ല ആര്‍.ടി.ഒമാര്‍ക്ക് കൈമാറുകയും അടിയന്തരഘട്ടങ്ങളില്‍ അവര്‍ ഈ ഡ്രൈവര്‍മാരുമായി ബന്ധപ്പെട്ട് സേവനം ലഭ്യമാക്കുകയും ചെയ്യും.
താല്‍പര്യമുള്ള ഹസാര്‍ഡസ് വാഹന ഡ്രൈവര്‍മാര്‍ക്ക് ഇതോടൊപ്പമുള്ള ഗൂഗിള്‍ ഫോമില്‍ വിവരങ്ങള്‍ നല്‍കാവുന്നതാണ്.
https://forms.gle/FRNJw4z4H2ShVRBn9

Content Highlights: MVD Seeks Drivers For Oxygen Tanker Truck