ലമ്പുഴ ഡാം സംഭരണ പ്രദേശത്ത് പുത്തന്‍ കാറ് ഓട്ടത്തിനിടെ മറിച്ചിട്ട് അഭ്യാസപ്രകടനം നടത്തിയശേഷം വീഡിയോ സമൂഹമാധ്യമത്തില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം തുടങ്ങി. വ്യാഴാഴ്ച ഡാമിനുള്ളിലെ സംഭവസ്ഥലം സന്ദര്‍ശിച്ച ആര്‍.ടി.ഒ. ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. 

അഭ്യാസപ്രകടനത്തിന് അനുമതിയില്ലാത്ത വാഹനം മോടിപിടിപ്പിച്ചതും, നിയമ ലംഘനമാണെന്ന് ആര്‍.ടി.ഒ. അധികൃതര്‍ പറഞ്ഞു. നിരോധിത മേഖലയായ ഡാം റിസര്‍വോയറിനകത്ത് പ്രവേശിച്ച് വാഹനത്തില്‍ നടത്തിയ അഭ്യാസപ്രകടനത്തിനെതിരേ വെള്ളിയാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം പോലീസില്‍ പരാതി നല്‍കുമെന്ന് ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ഡി. അനില്‍കുമാര്‍ പറഞ്ഞു.

തൃശ്ശൂര്‍ സ്വദേശികളായ നാല് യൂ ട്യൂബര്‍മാരാണ് അപകടകരമായ രീതിയില്‍ മലമ്പുഴ കവഭാഗത്ത് ഡാമിനുള്ളില്‍ കാറോടിച്ച് മറിച്ചിട്ടശേഷം വീഡിയോ ഷൂട്ട് ചെയ്ത് പ്രചരിപ്പിച്ചത്. ഏപ്രിലില്‍ ഷൂട്ട് ചെയ്ത വീഡിയോ ചൊവ്വാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. നിരോധിത മേഖലയായ മലമ്പുഴ ഡാമിനകത്ത്, ഏപ്രിലില്‍ വെള്ളം താഴ്ന്ന് ഉണങ്ങിക്കിടന്ന സ്ഥലത്താണ് ചിത്രീകരണം നടത്തിയത്. 

ഇതിനായി പുതിയ വാഹനത്തിന്റെ ടയര്‍ മാറ്റി മോടികൂട്ടിയാണ് സംഘം രണ്ട് വാഹനത്തിലായി മലമ്പുഴയിലെത്തിയത്. സഞ്ചാരികളുടെ പ്രവേശനം നിരോധിച്ച സമയത്ത്, പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കവയിലെത്തിയത്. അമിതവേഗത്തില്‍ അപകടകരമായി പൂഴിമണ്ണിലൂടെ കാറോടിച്ചു.

ഇത് ചിത്രീകരിക്കാന്‍ മറ്റൊരു കാറും അതേ വേഗത്തിലോടിച്ചതും അപകടകരമായ അഭ്യാസത്തിലൂടെ. അവസാനം വാഹനം മറിച്ചിട്ടും ചിത്രീകരണം നടത്തിയതായാണ് സൂചന. ഡാമിന്റെ ചുമതലയുള്ള ജലസേചന വകുപ്പ് അധികൃതരുടെ പരാതികിട്ടുന്ന മുറയ്ക്ക് സംഭവത്തില്‍ നടപടിയുണ്ടാകുമെന്ന് മലമ്പുഴ പോലീസ് അധികൃതര്‍ പറഞ്ഞു.

Content Highlights: MVD Probe On Vehicle Stunting In Prohibited Area At Malampuzha Dam