ഗതാഗത നിയമ ലംഘനങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഇ-ചലാന്‍ വഴി പിഴ ചുമത്താന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ടെന്ന് മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചു. ഉദ്യോഗസ്ഥരെ തടയുന്നത് കുറ്റകരമാണ്. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ പോലീസ് കേസെടുക്കും. പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ക്കാണ് നിലവില്‍ ഇ-ചലാന്‍ സംവിധാനമുള്ളത്.
കഴിഞ്ഞ 23-ന് വൈക്കത്ത് ഹെല്‍മെറ്റില്ലാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ച ദമ്പതിമാരുടെ ചിത്രമെടുത്ത് പിഴ ചുമത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ വൈക്കം ഉദയനാപുരം മണപ്പള്ളില്‍ തുരത്തേല്‍ വീട്ടില്‍ എം.ജി. രഞ്ജിത്തിനെയും കണ്ടാലറിയാവുന്ന നാലുപേരെയും പ്രതിയാക്കി പോലീസ് കേസെടുത്തതായി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
നിയമം ലംഘിക്കുന്ന വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പര്‍ ലഭിക്കും വിധം ചിത്രമെടുത്താലേ ഇ-ചലാനില്‍ പിഴ ചുമത്താനാകൂ. അതിനാല്‍ ചിത്രമെടുക്കുന്നത് പരിശോധനയുടെ ഭാഗമാണെന്ന് മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ പറഞ്ഞു. വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ തടസ്സപ്പെടുത്താതിരിക്കുന്നതിനാണ് സ്മാര്‍ട്ട് പരിശോധന നടത്തുന്നത്.
ഗതാഗത നിയമലംഘനങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിക്കുന്ന മൊബൈല്‍ഫോണുകള്‍ ഇ-ചലാന്‍ സംവിധാനവുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്. ചിത്രമെടുത്താല്‍ ഉടന്‍തന്നെ ചെക്ക് റിപ്പോര്‍ട്ട് തയ്യാറാക്കി വാഹന്‍-സാരഥി വെബ്സൈറ്റില്‍ ഉള്‍ക്കൊള്ളിക്കും. പിഴ ചുമത്തിയത് സംബന്ധിച്ച് വാഹന ഉടമയ്ക്ക് എസ്.എം.എസ്. ലഭിക്കും.
Content Highlights: MVD Officials Have Right To Take Photographs Of Traffic Rule Violators