പ്രതീകാത്മകചിത്രം
അലക്ഷ്യമായി വാഹനമോടിച്ച് നാട്ടുകാരെയും മറ്റ് വാഹനയാത്രക്കാരെയും മുള്‍മുനയില്‍ നിര്‍ത്തിയ ബസ് ഡ്രൈവറുടെ ലൈസന്‍സ് തെറിച്ചു. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്‌സ് സ്വദേശി ഷംസുദ്ദീന്‍ ബാബുവിന്റെ ലൈസന്‍സാണ് ആര്‍.ടി.ഒ. സസ്‌പെന്‍ഡ് ചെയ്തത്. പുക്കാട്ടുപടി-ഫോര്‍ട്ടുകൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഷംസുദ്ദീന്‍. കഴിഞ്ഞദിവസം വള്ളത്തോള്‍ നഗറിലാണ് ലൈസന്‍സ് തെറിക്കാന്‍ ആസ്പദമായ സംഭവം നടന്നത്.
തിരക്കേറിയസമയത്ത് ഗതാഗതനിയമം ലംഘിച്ച് തെറ്റായ ഭാഗത്തുകൂടിയെത്തിയ ബസ് അലക്ഷ്യമായി ഓടിച്ച് മറ്റ് വാഹനയാത്രക്കാരെയും കാല്‍നടയാത്രക്കാരെയും ഭീതിയിലാഴ്ത്തി. കൂടാതെ, ബസ് ഇടയിലൂടെ കുത്തിക്കയറ്റി റോഡില്‍ കുറെ നേരം ഗതാഗതക്കുരുക്കും ഉണ്ടാക്കി. ഈ സമയം അതുവഴിവന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇന്ദുധരന്‍ ആചാരി ഡ്രൈവറെ വഴിയിലിട്ടു പൂട്ടുകയായിരുന്നു.
ബസിന്റെ വാതിലുകള്‍ കൃത്യമായി അടയ്ക്കാത്തതിന് മറ്റൊരു കേസും ചുമത്തി. കലൂര്‍ സ്റ്റേഡിയം പരിസരത്ത് അപകടകരമായ രീതിയില്‍ വാഹനമോടിച്ച യുവാവിന്റെ ലൈസന്‍സും റദ്ദാക്കി. വയനാട് പുല്‍പ്പള്ളി സ്വദേശിയായ അരുണ്‍ ഷാജിക്കാണ് പിടിവീണത്. ഇരുചക്രവാഹനങ്ങളുടെ മത്സരയോട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള 'ഓപ്പറേഷന്‍ റേസി'ന്റെ ഭാഗമായുള്ള പരിശോധനയിലാണ് വാഹനം കണ്ടെത്തിയത്.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ഉയര്‍ന്ന ശബ്ദത്തിലായിരുന്നു അരുണ്‍ വാഹനമോടിച്ചത്. വാഹനം ശ്രദ്ധയില്‍പ്പെട്ട അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമീര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വാഹനം നിര്‍ത്താന്‍ കൈകാണിച്ചെങ്കിലും ഇയാള്‍ കടന്നുകളയുകയായിരുന്നു. നമ്പര്‍ പരിശോധിച്ചാണ് വാഹന ഉടമയെ കണ്ടെത്തി നടപടി സ്വീകരിച്ചത്.
Content Highlights: MVD kerala suspend bus driver licence for rash and negligent drive, MVD Kerala, Bus Driver
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..