മിതവേഗം മാത്രമല്ല, റോഡിലെ മറ്റ് ഗതാഗത നിയമലംഘനങ്ങളും ഇനി ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കും. ഇതിനായി നിര്‍മിതബുദ്ധിയുള്ള (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) 700 ക്യാമറകളാണ് സംസ്ഥാനത്തെ വിവിധ പാതകളില്‍ സ്ഥാപിക്കുന്നത്. പ്രധാന പാതകളിലെ സ്ഥിരം അപകടകേന്ദ്രങ്ങളിലാണ് ഈ ക്യാമറകള്‍ വരിക. ഈ സ്ഥലങ്ങള്‍ നിശ്ചയിക്കുന്ന നടപടികള്‍ മോട്ടോര്‍വാഹനവകുപ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ഹെല്‍മെറ്റ് ധരിക്കാത്തവര്‍, സീറ്റ് ബെല്‍റ്റ് ഇടാത്തവര്‍, കൃത്യമായ നമ്പര്‍പ്ലേറ്റ് ഇല്ലാത്തവര്‍, ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനങ്ങള്‍ തുടങ്ങിയ ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്തലാണ് പ്രധാനലക്ഷ്യം. ക്യാമറയില്‍ പതിയുന്ന നിയമലംഘനങ്ങള്‍ക്ക് തപാല്‍മുഖേന നോട്ടീസ് വരും. പിഴയടക്കേണ്ടിവരും, മറ്റ് നിയമനടപടികള്‍ നേരിടേണ്ടിയും വരും. 

അമിതവേഗം കണ്ടത്താന്‍ 240 ക്യാമറകള്‍ നേരത്തേ സ്ഥാപിച്ചിരുന്നു. അതിനുപുറമെയാണ് 700 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍കൂടി സ്ഥാപിക്കുന്നത്. സേഫ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡ് സുരക്ഷാ അതോറിറ്റിയുടെ നേതൃത്വത്തിലാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനാണ് ഇവയുടെ ചുമതല. 

മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്‌സ്‌മെന്റിന്റെ പുതിയ കണ്‍ട്രോള്‍റൂമുകള്‍ മുഖേനയാവും ക്യാമറകളുടെ നിയന്ത്രണം. പാലക്കാടുള്‍പ്പെടെ ആറ് ജില്ലകളിലാണ് നിലവില്‍ കണ്‍ട്രോള്‍റൂമുകളുള്ളത്. ഈ കണ്‍ട്രോള്‍റൂമുകളുടെ പ്രവര്‍ത്തനം പൂര്‍ണാവസ്ഥയിലെത്തണമെങ്കില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍കൂടി പ്രവര്‍ത്തനം തുടങ്ങണം. 

മറ്റ് ജില്ലകളിലും ഉടന്‍ കണ്‍ട്രോള്‍റൂമുകള്‍ വരും. പാലക്കാട് ജില്ലയില്‍മാത്രം 48 ക്യാമറകളാണ് സ്ഥാപിക്കുന്നത്. മാര്‍ച്ച് മാസത്തോടെ ക്യാമറകള്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

Content Highlights: MVD Kerala Install Artificial Intelligence Based Camera To Caught Traffic Rule Violators