
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
അമിതവേഗത്തിലും അശ്രദ്ധമായുമുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ഫോണ്‍ ഉപയോഗം, തുടങ്ങിയ ഗതാഗത നിയമലംഘനങ്ങള്‍ ചെയ്ത്, പോലീസിനെയോ മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥരെയോ കാണുമ്പോള്‍ പെട്ടെന്ന് നല്ലകുട്ടിയാവുന്ന ഡ്രൈവര്മാര്ക്കിനി രക്ഷപ്പെടാനാവില്ല... ഗതാഗത നിയമലംഘനങ്ങള്‍ തടയാന്‍ മോട്ടോര്‍വാഹന വകുപ്പിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് ക്യാമറകള്‍ (നിര്‍മിതബുദ്ധി) നിരത്തുകളില്‍ ഇനി നിരന്നുനില്ക്കും.
എറണാകുളം ജില്ലയിലെ പ്രധാന റോഡിന്റെ വശങ്ങളില് 50 ക്യാമറകള്‍ സ്ഥാപിക്കാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായി നിര്‍മിതബുദ്ധിയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന 64 ക്യാമറകളാണ് സ്ഥാപിക്കുന്നത്. ഇതില്‍ 50 ക്യാമറകളാണ് വകുപ്പ് അനുവദിച്ചിട്ടുള്ളത്. ജില്ലയില്‍ ക്യാമറ സ്ഥാപിക്കേണ്ട സ്ഥലങ്ങള്‍ മോട്ടോര്‍വാഹന വകുപ്പും കെല്‍ട്രോണും ചേര്‍ന്ന് പരിശോധിച്ചു കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ദേശീയ-സംസ്ഥാന-ജില്ലാ റോഡുകളുടെ ഓരത്ത് വാഹനങ്ങളുടെ ചിത്രം പൂര്‍ണമായും വ്യക്തമായും പതിയുംവിധം പ്രധാന സ്ഥലങ്ങളിലാണ് ക്യാമറ സ്ഥാപിക്കുന്നത്. മൊബൈല്‍ഫോണ്‍ ദുരുപയോഗം, അമിതവേഗം, ഹെല്‍മെറ്റ് ധരിക്കാതിരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുകയാണ് ലക്ഷ്യം. കൂടുതല്‍ ഗതാഗത നിയമലംഘന കേസുകള്‍ റജിസ്റ്റര്‍ചെയ്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തില്‍ ഇവ സ്ഥാപിക്കുന്നത്. സേഫ് കേരള മോട്ടോര്‍വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റിനാണ് ഇവയുടെ നിരീക്ഷണച്ചുമതല.
എറണാകുളം കളക്ടറേറ്റിലെ എന്‍ഫോഴ്സ്മെന്റ് കണ്ട്രോള് റൂമില്‍ തന്നെയായിരിക്കും ഇതിന്റെയും കണ്ട്രോള് റൂം. നിലവില്‍, അതിവേഗം പിടികൂടാന്‍, കെല്‍ട്രോണിന്റെ സഹായത്തോടെ മോട്ടോര്‍വാഹന വകുപ്പിന്റെ ക്യാമറകളും പോലീസിന്റെ നിരീക്ഷണ ക്യാമറകളും മാത്രമാണുള്ളത്. മൂന്നു മീറ്റര്‍ ഉയരത്തില്‍ സ്ഥാപിക്കുന്ന പുതിയ ക്യാമറകള്‍ക്ക് പരമാവധി 50 മീറ്റര്‍ വരെയുള്ള ദൃശ്യങ്ങള്‍ പകര്‍ത്താന്‍ കഴിയും.
എല്ലാം കാണുമീ മൂന്നാംകണ്ണ്
ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെ നിര്‍മിതബുദ്ധിയുടെ സഹായത്തോടെ ഈ ക്യാമറകള്‍ പിടികൂടും. വാഹനങ്ങളുടെ നമ്പര്‍ തിരിച്ചറിയാനുള്ള ഓട്ടോമാറ്റിക് സംവിധാനവും ക്യാമറകളിലുണ്ട്. വാഹനങ്ങളില്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിട്ടുണ്ടോ, ഡ്രൈവിങ്ങിനിടെ ഫോണ്‍ ഉപയോഗിക്കുന്നുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്താനും ഈ ക്യാമറകള്‍ക്കു കഴിയും.
വിദൂരസ്ഥലത്തെ വാഹനങ്ങളെ വ്യക്തമായി കാണാനാവുന്ന സ്ഥലം തിരഞ്ഞെടുത്താണ് സ്ഥാപിക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ വാഹനങ്ങളിലെത്തി പരിശോധിക്കുന്നതിന് പറ്റാത്ത സ്ഥിതി ഈ ക്യാമറകള്‍ വരുന്നതോടെ ഇല്ലാതാവും. ഊടുവഴികളിലൂടെ കടന്ന്, പ്രധാന പാതകളില്‍ കയറി പോകുന്ന കടത്തുവാഹനങ്ങളും കണ്ടെത്താനാവും. ക്യാമറ എറണാകുളം കളക്ടറേറ്റിലെ കണ്ട്രോള് റൂമിലെ കംപ്യൂട്ടറുകളുമായി ബന്ധിപ്പിച്ചിരിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..