മോട്ടോർ വാഹന വകുപ്പ് പങ്കുവെച്ച ചിത്രം | Photo: Facebook|MVD Kerala
കേരള ജനതയുടെ കൂട്ടായ പ്രവര്‍ത്തനവും സഹജീവി സ്നേഹവും ഒരിക്കല്‍ കൂടി അടിവരയിട്ട് തെളിയിക്കുകയാണ് ഓക്സിജൻ ടാങ്കർ ഡ്രൈവർമാരെ തേടിക്കൊണ്ടുള്ള പരസ്യത്തിന് വന്ന പ്രതികരണങ്ങൾ. കോവിഡ് രോഗികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കുന്നതിനായി ഓക്സിജന്‍ ടാങ്കര്‍ ഓടിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഡ്രൈവര്‍മാരെ തേടിയത്. പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 3000 പേരാണ് സന്നദ്ധരായി രംഗത്തെത്തിയത്.
മോട്ടോര്‍ വാഹന വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഡ്രൈവര്‍മാരെ തേടി പോസ്റ്റിട്ട് ഒരു ദിവസത്തിനുള്ളില്‍ മൂവായിരത്തില്‍ അധികം ആളുകള്‍ ഇതിനായി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ശേഖരിച്ച അതാത് ജില്ലാ വാര് റൂമുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും സഹകരണം പ്രഖ്യാപിച്ച എല്ലാ സുമനസുകള്‍ക്കും നന്ദി അറിയിക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലിക്വിഡ് ഓക്സിജന്‍ ടാങ്കറുകള്‍ ഓടിക്കുന്നതിനായാണ് പരിചയ സമ്പന്നരായ ഡ്രൈവര്‍മാരുടെ സഹായം തേടിയിട്ടുള്ളത്. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്സിജന്‍ എത്തിക്കേണ്ടതുണ്ട്. കേരളത്തിലെ മോട്ടോര്‍ വാഹന വകുപ്പ് ഓക്സിജന്‍ വിതരണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും കാര്യക്ഷമമായി നിര്‍വഹിക്കുകയും ചെയ്യുന്നത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.
ഈ ഉദ്യമത്തിനായാണ് പരിചയ സമ്പന്നരായ ഹസാര്‍ഡസ് ലൈസന്‍സുള്ളവരുടെ വിവരങ്ങള്‍ എം.വി.ഡി. ശേഖരിച്ചത്. താത്പര്യമുള്ള സേവന സന്നദ്ധരായ ഡ്രൈവര്‍മാര്‍ക്ക് വകുപ്പിനെ സമീപിക്കാനുള്ള മാര്‍ഗവും വകുപ്പ് ഫെയ്സ്ബുക്ക് കുറിപ്പില്‍ പങ്കുവെച്ചിരുന്നു. ലഭിച്ച വിവരങ്ങള്‍ അതാത് ജില്ലകളിലെ ആര്.ടി.ഒമാര്‍ക്ക് കൈമാറുമെന്നും ആവശ്യമുള്ള സമയത്ത് ബന്ധപ്പെടുമെന്നാണ് അറിയിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..