എം.വി.ഡിയുടെ വാഹന പരിശോധന ശക്തമായതോടെ സമൂഹമാധ്യമങ്ങളിലും മറ്റും വലിയ വിമര്‍ശനങ്ങളാണ് വകുപ്പിനെതിരേ ഉണ്ടാകുന്നത്. എം.വി.യുടെ വാഹനങ്ങളില്‍ പതിച്ചിട്ടുള്ള സ്റ്റിക്കറുകളെ പോലും വെറുതെ വിടാതെയാണ് വിമര്‍ശകരുടെ പോസ്റ്റുകളും മറ്റും. എന്നാല്‍, ഇതിനേക്കാളേറെ പ്രധാനപ്പെട്ട ഒന്നാണ് എം.വി.ഡിയുടെയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റും ടാക്‌സ് കാലാവധി അവസാനിച്ചതാണെന്ന് തെളിയിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകളും മറ്റും.

ഇത്തരത്തില്‍ സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്ന വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനവുമായി എത്തുന്നവര്‍ വസ്തുതകള്‍ അറിയാഞ്ഞിട്ടാണോ അതോ അറിഞ്ഞിട്ടും അറിയില്ല എന്ന് നടിച്ചിട്ടാണോ ഇത്തരം സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ടാക്‌സ്, ഇന്‍ഷുറന്‍സ്, പുക പരിശോധന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഇല്ലെന്ന് പ്രചരിപ്പിക്കുന്നതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്. 

ഇത് സംബന്ധിച്ച വിശദീകരണവും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ട്. 1975 മുതല്‍ തന്നെ സര്‍ക്കാര്‍ വാഹനങ്ങളെ റോഡ് ടാക്‌സ് അടയ്ക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരള മോട്ടോര്‍ വെഹിക്കിള്‍ ടാക്‌സേഷന്‍ ആക്ട് വകുപ്പ് 22 പ്രകാരം സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവിലൂടെ ചില വിഭാഗം വാഹനങ്ങളെ ടാക്‌സ് അടക്കുന്നതില്‍ നിന്ന് ഒഴിവാക്കാനുള്ള അധികാരമുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണത്തില്‍ പറയുന്നു. 

എസ്.ആര്‍.ഒ. 878/75 സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് 29 വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കാണ് ഇത്തരത്തില്‍ നികുതിയും മറ്റും ഇളവ് ചെയ്ത് നല്‍കിയിട്ടുള്ളത്. ഇതില്‍ പ്രഥമസ്ഥാനം സര്‍ക്കാര്‍ വാഹനങ്ങള്‍ക്കാണ്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് എടുക്കുന്നത് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് വകുപ്പില്‍ നിന്നാണ്. അടുത്തിടെയാണ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് പോളിസികള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനുള്ള നടപടി ഒരുങ്ങിയത്. അതുകൊണ്ടുതന്നെ ഭൂരിഭാഗം പോളിസികളും പരിവാഹനില്‍ അപ്‌ഡേറ്റ് ആയിട്ടില്ലെന്നാണ് എം.വി.ഡി. പറയുന്നത്. 

പുക പരിശോധന നടത്തിയിട്ടില്ലെന്ന് പറയുന്നവര്‍ക്കും മറുപടി നല്‍കിയിട്ടുണ്ട്. പുക പരിശോധനാ കേന്ദ്രങ്ങള്‍ അടുത്തിടെയാണ് ഓണ്‍ലൈനായത്. അതുകൊണ്ടുതന്നെ ഓണ്‍ലൈന്‍ ആകുന്നതിന് മുമ്പ് എടുത്ത സര്‍ട്ടിഫിക്കറ്റുകള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ആയിട്ടില്ല. ഈ സഹചര്യത്തില്‍ അപൂര്‍ണമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തെറ്റിദ്ധാരണാജനകമായ വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

Content Highlights: MVD Kerala Explains Tax Details About Government Owned Vehicles