പകടങ്ങള്‍ നമ്മുടെ നിരത്തുകളില്‍ നിത്യസംഭവമാണ്. അപകടങ്ങള്‍ക്ക് ഇടവരാതെ 42 വര്‍ഷമായി സ്വകാര്യ ബസ് വളയം പിടിക്കുകയെന്നത് അപൂര്‍വ്വതയാണ്. പത്തനംതിട്ട കുമ്പഴ സ്വദേശി വിശ്വനാഥന്റെ മികവിന് മോട്ടോര്‍ വാഹന വകുപ്പിന്റെ ആദരവും കഴിഞ്ഞ ദിവസം ലഭിച്ചു. 

അറുപത്തഞ്ച് വയസായി വിശ്വനാഥന്. വളയംപിടിക്കാന്‍ തുടങ്ങി ഇത്രകാലമായിട്ടും വാഹനത്തിന്റെ പെയിന്റ് പോലും വിശ്വനാഥന്റെ അശ്രദ്ധ കൊണ്ട് പോയിട്ടില്ല. പത്തനംതിട്ടയില്‍ സര്‍വീസ് നടത്തുന്ന ജാസ്മിന്‍ ബസില്‍ ക്ലീനറായിട്ടാണ് ഇദ്ദേഹം ജോലിയില്‍ പ്രവേശിച്ചത്. പിന്നീട് ഡ്രൈവറായ വിശ്വനാഥന്‍ പല റൂട്ടുകളിലും ജാസ്മിന് വേണ്ടി വളയം പിടിച്ചു. 

നിരവധി ബസുകളില്‍നിന്നും ഒറ്റ ബസ് മാത്രമുള്ള സാഹചര്യത്തിലേക്ക് ജാസ്മിന്‍ ചുരുങ്ങിയപ്പോഴും വിശ്വനാഥനെ അവിഭാജ്യഘടകമാക്കിയത് ശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങാണ്. മിതമായ വേഗം, അതീവ ശ്രദ്ധ, നിയമപാലനം, ദൈവഭയം എന്നിവയാണ് തന്റെ വിജയമന്ത്രങ്ങളെന്ന് വിശ്വനാഥന്‍ പറഞ്ഞു.

Content Highlights: MVD Honours Private Bus Driver For Excellence In Driving, Private Bus Kerala