പകടങ്ങളില്‍ പെട്ടെന്ന് പാഞ്ഞെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ട്രോമാകെയര്‍ സംവിധാനം വരുന്നു. പോലീസിന്റെയും മോട്ടോര്‍വാഹനവകുപ്പിന്റെയും അഗ്‌നിരക്ഷാസേനയുടെയും സഹായത്തോടെ പാലക്കാട് ജില്ലയിലാണ് ട്രോമാകെയര്‍ വരുന്നത്. ട്രോമാകെയറിന്റെ ഉദ്ഘാടനവും ആദ്യഘട്ട പരിശീലനവും ഞായറാഴ്ച രാവിലെ ഒമ്പതിന് ഒറ്റപ്പാലം വ്യാപാരഭവനില്‍ നടക്കും. കളക്ടര്‍ ഡി. ബാലമുരളി ഉദ്ഘാടനംചെയ്യും.

പോലീസ് മുഖാന്തരവും അഗ്‌നിരക്ഷാസേന മുഖാന്തരവും നാട്ടുകാര്‍ക്ക് നേരിട്ടും ട്രോമാകെയറിന്റെ സഹായം തേടാനാകും. പ്രത്യേക രക്ഷാപ്രവര്‍ത്തന പരിശീലനം പൂര്‍ത്തിയാക്കിയ വൊളന്റിയര്‍മാരാണ് ദുരന്തമുഖത്തെത്തുക. 

ജില്ലയിലെ വിവിധഭാഗങ്ങളില്‍നിന്നായി ഇപ്പോള്‍ തന്നെ 270 പേരാണ് ട്രോമാകെയറില്‍ അംഗങ്ങളായത്. ജില്ലയില്‍ നിലവില്‍ പട്ടാമ്പിയിലും തൃത്താലയിലും മാത്രമാണ് ട്രോമാകെയര്‍ പ്രവര്‍ത്തിക്കുന്നത്. ഷമീര്‍ പട്ടാമ്പിയാണ് ട്രോമാകെയറിന്റെ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍. കെ.പി. സതീഷ് ജനറല്‍ സെക്രട്ടറിയാണ്.

ട്രോമാകെയര്‍

അപകടങ്ങളിലും പ്രകൃതിദുരന്തങ്ങളിലും പോലീസിനെയും അഗ്‌നിരക്ഷാസേനയെയും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ സന്നദ്ധരാകുന്നവരുടെ സംഘമാണ് ട്രോമാകെയര്‍. ദുരന്തങ്ങളും അപകടങ്ങളും സംഭവിക്കുമ്പോള്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എത്തുന്നതിനുമുമ്പ് അടിയന്തരമായി ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താനാകുമെന്നതാണ് ട്രോമാകെയറിന്റെ സൗകര്യം. ജില്ലാപഞ്ചായത്ത് പ്രസിഡന്റും കളക്ടറും പോലീസ് മേധാവിയും ആര്‍.ടി.ഒ.യും ഡി.എം.ഒ.യും ഉള്‍പ്പെടുന്നതാണ് ട്രോമാകെയറിന്റെ രക്ഷാധികാരികള്‍.

നിങ്ങള്‍ക്കും വൊളന്റിയറാകാം

ജില്ലയിലെ ട്രോമാകെയറില്‍ സന്നദ്ധരായെത്തുന്ന ആര്‍ക്കും ചേരാം. രണ്ടുഘട്ട പരിശീലനമാണ് ഇതിനായുണ്ടാവുക. ആദ്യഘട്ടത്തില്‍ പ്രഥമശുശ്രൂഷയെ സംബന്ധിച്ചും റോഡുസുരക്ഷയെ സംബന്ധിച്ചുമുള്ള പരിശീലനം നടക്കും. രണ്ടാംഘട്ടത്തില്‍ അഗ്‌നിരക്ഷാ സേനയുമായി ബന്ധപ്പെട്ട പ്രായോഗിക പരിശീലനവും നടക്കും. രണ്ടുഘട്ട പരിശീലനവും പൂര്‍ത്തിയാക്കിയാലാണ് രക്ഷാപ്രവര്‍ത്തനം നടത്താന്‍ അനുമതി ലഭിക്കുക. ഫോണ്‍: 9645376053, 9048324453.

Content Highlights: MVD Form Trauma Care Wing For Help Accident Victims