തിസുരക്ഷാ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റി ബൈക്കുകളില്‍ പായുന്നവരെ പൂട്ടി മോട്ടോര്‍ വാഹന വകുപ്പ്. ചൊവ്വാഴ്ച എറണാകുളത്തെ പത്തടിപ്പാലത്തെ വാഹന പരിശോധനയില്‍ നമ്പര്‍ പ്ലേറ്റ് ഇല്ലാതെ ഓടിയ സൂപ്പര്‍ ബൈക്ക് കൂടി പിടികൂടി. 10 ലക്ഷം രൂപ വിലയുള്ള ബൈക്കാണ് പിടികൂടിയത്. കട്ടപ്പന സ്വദേശിയായ യുവാവിന്റേതാണ് ബൈക്ക്. സൂപ്പര്‍ ബൈക്കുകളിലെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നീക്കി ഫ്രീക്കന്മാര്‍ പായുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. 

ഇതേ തുടര്‍ന്ന് എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ പരിശോധനയ്ക്ക് പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കുകയായിരുന്നു. 2019 ഏപ്രിലിനു ശേഷം നിര്‍മിച്ച വാഹനങ്ങള്‍ക്ക് അഴിച്ചുമാറ്റാന്‍ കഴിയാത്തവണ്ണം സ്ഥിരമായി ഘടിപ്പിക്കുന്ന അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കിയിരുന്നു. സ്‌ക്രൂവിനു പകരം റിവെറ്റ് ചെയ്ത് പിടിപ്പിക്കുന്നതിനാല്‍ നമ്പര്‍ പ്ലേറ്റ് പൊട്ടിച്ചാല്‍ മാത്രമേ അഴിക്കാന്‍ കഴിയൂ. 

ഇവ പൊട്ടിച്ച് നമ്പര്‍ പ്ലേറ്റ് ഇല്ലാതെയോ സാധാരണ പ്ലേറ്റുകള്‍ വെച്ചോ ആണ് മിക്ക സൂപ്പര്‍ ബൈക്കുകളും നിരത്തില്‍ ഇറക്കുന്നത്. ചിലര്‍ അക്കങ്ങള്‍ വ്യക്തമാകാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചുവയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. നമ്പര്‍ പ്ലേറ്റുകളില്ലാത്ത വാഹനം പിടികൂടിയാല്‍ നേരിട്ട് കോടതിക്കു കൈമാറും. ചൊവ്വാഴ്ച പിടികൂടിയ ബൈക്ക് കോടതിക്ക് കൈമാറുന്നതിന്റെ ഭാഗമായി തൃക്കാക്കര പോലീസിനെ ഏല്പിച്ചു. 

കോടതി വിധിക്കുന്ന ശിക്ഷയ്ക്കു ശേഷമേ വാഹനം വിട്ടുകിട്ടൂ. അതീവ സുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ അനുവദിച്ചിട്ടും അവ ഘടിപ്പിക്കാതെ മറ്റു നമ്പര്‍പ്ലേറ്റുകള്‍ പിടിപ്പിക്കുന്നത് നമ്പര്‍പ്ലേറ്റ് ഇല്ലാത്തതിനു തുല്യമായി കണക്കാക്കി കര്‍ശന നടപടി സ്വീകരിക്കുമെന്നും എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. വ്യക്തമാക്കി.

Content Highlights: MVD Caught Super Bike, High Security Number Plate, MVD Kerala