നധികൃതമായി ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ച സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം. ജില്ലയില്‍ രണ്ടാഴ്ചയായി തുടരുന്ന പരിശോധനയില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ ഘടിപ്പിച്ച 89 സ്വകാര്യ ബസുകള്‍ക്കെതിരെയാണ് നടപടിയെടുത്തത്. 19,500 രൂപ പിഴയുമീടാക്കി. സ്വകാര്യ ബസുകളില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷനില്‍ പരാതിയെത്തുകയും കമ്മിഷന്‍ വകുപ്പിനോട് റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറാണ് അന്വേഷണം നടത്താന്‍ എല്ലാ ആര്‍.ടി.ഒ.മാര്‍ക്കും നിര്‍ദേശം നല്‍കിയത്. ജില്ലയില്‍ 261 ബസുകളിലാണ് ഇതുവരെ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ, വാളയാര്‍, പട്ടാമ്പി ഭാഗങ്ങളിലാണ് കൂടുതല്‍ ബസുകളും ഇവ അനധികൃതമായി ഉപയോഗിക്കുന്നത് കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ ഹോണ്‍മുഴക്കുന്നതിനെതിരെയും ഉയര്‍ന്ന ശബ്ദത്തില്‍ ഹോണ്‍ ഉപയോഗിക്കുന്നതിനെതിരെയുമുള്ള നടപടികളുടെ തുടര്‍ച്ചയായാണ് പരിശോധന.

ബസ്സില്‍ പാട്ട് പാടില്ല

കേരള മോട്ടോര്‍വാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ വെക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അവിടെയും ഉയര്‍ന്നശബ്ദത്തില്‍ പാട്ടുവെച്ചാല്‍ നടപടി വരും. പല മാനസികാവസ്ഥയിലുള്ള യാത്രക്കാരാണ് സ്വകാര്യ ബസുകളില്‍ കയറുന്നത്. എല്ലാവര്‍ക്കും പാട്ടുവെക്കുന്നത് അവരുടെ യാത്രയുടെ സാഹചര്യങ്ങളില്‍ ഇഷ്ടപ്പെടണമെന്നില്ല. എന്നാല്‍, ടൂറിസ്റ്റ് ബസുകളില്‍ വിനോദയാത്രയായതിനാലാണ് ഇത്തരം വിനോദങ്ങള്‍ അനുവദിക്കുന്നത്. സ്വകാര്യ ബസുകളില്‍ പരസ്യംചെയ്യാന്‍ 50 ഡെസിബലില്‍ താഴെവരുന്ന ശ്രവ്യ ഉപകരണം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. അതില്‍ റോഡ് സുരക്ഷയോ പകര്‍ച്ചവ്യാധി തടയല്‍ നിര്‍ദേശങ്ങളോ ഉള്‍പ്പെടുത്തുകയും വേണം.

പിടികൂടിയാല്‍ പിഴ

ബസുകളില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ 2,000 രൂപവരെ മോട്ടോര്‍ വാഹനവകുപ്പ് പിഴയിടും. ഉപകരണത്തിന്റെ ശബ്ദവും ഉപയോഗിച്ച രീതിയുമെല്ലാം പരിശോധിച്ചാണ് നടപടിയെടുക്കുക. ഒപ്പം ഈ ഉപകരണങ്ങള്‍ ബസില്‍നിന്ന് അഴിച്ചുമാറ്റുകയും വേണം. നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എല്ലാ താലൂക്കിലും കര്‍ശന പരിശോധന തുടരുമെന്ന് മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. എം.കെ. ജയേഷ്‌കുമാര്‍ പറഞ്ഞു.

Content Highlights: MVD caught private buses for illegal music system, MVD Kerala, Private Bus