പ്രതീകാത്മക ചിത്രം | രേഖാചിത്രം: മാതൃഭൂമി
ധര്‍മശാല: അപകടകരമായ രീതിയില്‍ രൂപമാറ്റം വരുത്തിയ കാര്‍ ധര്‍മശാല ദേശീയപാതയില്‍ ആര്. ടി.ഒ. എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. എന്‍ഫോഴ്സ് മെന്റ് വാഹനം, സംശയകരമായ രീതിയില്‍ കണ്ട കാറിന് സമീപത്തേക്ക് എത്തുമ്പോള്‍ കാറിലുണ്ടായിരുന്നവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ടീമംഗങ്ങള്‍ കാറിലുണ്ടായ രണ്ടുപേരെയും കാറും പിടിച്ചെടുത്തു.
അഞ്ചാംപീടിക സ്വദേശി ടി.റിജിന്റെ ഉടമസ്ഥതയിലുള്ള കാര്‍ ഓടിച്ചിരുന്നത് ഡ്രൈവിങ്ങ് ലൈസന്‍സില്ലാത്ത മിഥുന് ആയിരുന്നു. ചെറിയ ടയര്‍ മാറ്റി വലിയ ടയറാക്കിയും വന്‍ ശബ്ദമുണ്ടാക്കുന്ന വിധം സൈലന്‍സര്‍ മാറ്റിയും കോടതിവിധി ലംഘിച്ച് കൂളിങ് ഫിലിം ഒട്ടിച്ചുമാണ് കാര്‍ ഉണ്ടായിരുന്നത്. ബ്രേക്ക് ലൈറ്റിനും സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു.
നമ്പര്‍ പ്ലേറ്റ് ക്യാമറകളില്‍ പതിയാത്ത വിധം ചെറുതാക്കിയും കാറിനകത്തുള്ളവരെ പുറത്തുനിന്നും കാണാത്തവിധമുള്ള സംവിധാനവും ഒരുക്കിയിരുന്നു. കാറിന് രൂപമാറ്റം വരുത്തിയതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടോ എന്ന് സംശയിക്കുന്നതായി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ പറഞ്ഞു. 33,500 രൂപയാണ് വിവിധ കുറ്റങ്ങള്‍ ചുമത്തി പിഴയിട്ടത്.
മൂന്നുദിവസത്തിനുള്ളില്‍ കാറിനെ പഴയരീതിയില്‍ മാറ്റി പരിശോധനയ്ക്ക് വിധേയമാക്കാനും നിര്‍ദേശം നല്കി. വരുംദിവസങ്ങളിലും നിയമവിരുദ്ധമായി രൂപമാറ്റം വരുത്തി ഓടുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് കര്‍ശന നടപടി സ്വീകരിക്കുമെന്ന് കണ്ണൂരില്‍ പുതുതായി ചാര്‍ജെടുത്ത എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ. എ.സി.ഷീബ അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..