ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉത്തരവിട്ടു. മറ്റു ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ചിത്രങ്ങള്‍ വാഹനാപകടങ്ങള്‍ക്ക് ഇടയാക്കുന്നതിനെത്തുടര്‍ന്നാണ് നടപടി.

ബസുകളിലെ ലേസര്‍ ഷോകളും അമിതശബ്ദവും നിരോധിച്ചതിനൊപ്പം ചിത്രങ്ങളും നീക്കംചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാലിത് വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന വാദമുയര്‍ത്തി ബസുടമകള്‍ പ്രതിരോധിച്ചു. ചിലര്‍ ഹൈക്കോടതിയെയും സമീപിച്ചു. 

ഈ കേസില്‍ മോട്ടോര്‍വാഹനവകുപ്പിന് അനുകൂലമായ വിധി വന്നതിനെ ത്തുടര്‍ന്നാണ് നടപടി കര്‍ശനമാക്കിയതെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ് അറിയിച്ചു. ജനുവരി 31-നുള്ളില്‍ ചിത്രങ്ങള്‍ നീക്കംചെയ്യണം. ഇല്ലെങ്കില്‍ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയാരംഭിക്കും.

വാഹനങ്ങളുടെ രൂപം മാറ്റിയാലും ശിക്ഷ

വാഹനങ്ങളുടെ രൂപഘടന മാറ്റുന്നത് തടയാനും കര്‍ശനനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയില്‍നിന്നുള്ള അനുകൂല ഉത്തരവ് ലഭിച്ച പശ്ചാത്തലത്തിലാണിത്. നിര്‍മാതാവ് നിര്‍ദേശിക്കാത്ത യാതൊരു മാറ്റങ്ങളും അനുവദിക്കില്ല. 

നിറം മാറ്റാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇതിന് അപേക്ഷ നല്‍കി വാഹനം പരിശോധനയ്ക്ക് ഹാജരാക്കി അനുമതി നേടണം. നിറം മാറ്റിയശേഷവും വാഹനം ഹാജരാക്കണം.

വശങ്ങളില്‍ വര്‍ണലൈറ്റുകള്‍ ഘടിപ്പിക്കുക, സൈലന്‍സറുകളില്‍ മാറ്റംവരുത്തുക, ഹെഡ് ലൈറ്റുകളും മുന്‍വശത്തെ ഗ്രില്ലുകളും മാറ്റുക, വലിയ ടയര്‍ ഉപയോഗിക്കുക, ഫൈബര്‍ ഘടകങ്ങള്‍ െവച്ചുപിടിപ്പിക്കുക എന്നിവയെല്ലാം നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങള്‍ പിടികൂടാന്‍ പ്രത്യേക പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മിനിലോറികളുടെ പിന്‍വശം തകിടും ഷീറ്റും െവച്ച് മറച്ച് ബോഡി പണിയാനും ഫാസ്റ്റ്ഫുഡ് വില്‍പ്പനയ്ക്കുവേണ്ടി വാഹനങ്ങള്‍ക്ക് മാറ്റംവരുത്താനും അനുമതി ലഭിക്കില്ല.


Content Highlights: MVD Banned Film Star Posters And Multi Color  Painting In Tourist Bus