ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും ചരക്ക് ഗതാഗതം ഉള്‍പ്പെടെയുള്ളവ കാര്യക്ഷമായി നടപ്പാക്കുന്നതിന് പുതിയ പദ്ധതി ഒരുക്കി വര്‍ക്ക്‌ഷോപ്പ് അസോസിയേഷനും കേരളാ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും രംഗത്ത്. റോഡുകളില്‍ വാഹനങ്ങള്‍ ബ്രേക്ക് ഡൗണ്‍ ആയി കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനാണ് പദ്ധതി. കാസര്‍കോട് ജില്ലയിലാണ് പദ്ധതി ഒരുക്കിയിട്ടുള്ളത്. 

കാസര്‍കോട് ജില്ലാ കളക്ടര്‍ സജിത്ത് ബാബുവിന്റെ നിര്‍ദേശ പ്രകാരമാണ് ഈ സേവനം ഒരുക്കിയിട്ടുള്ളത്. ഇത് അനുസരിച്ച് മഞ്ചേശ്വരം മുതല്‍ കാലിക്കടവ് വരെയുള്ള ദേശിയപാതയിലും മറ്റ് സംസ്ഥാന പാതകളിലും വര്‍ക്ക്‌ഷോപ്പ് ജിവനക്കാരുടെ സേവനം ഉറപ്പാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വാഹനത്തിന് കേടുപാട് സംഭവിച്ചാല്‍ പ്രത്യേക സംഘമെത്തി ഇത് പരിഹരിക്കും.

മോട്ടോര്‍ വാഹന വകുപ്പ് കാസര്‍കോട് എന്‍ഫോഴ്‌മെന്റ് വിഭാഗത്തിന്റെ മേല്‍നോട്ടത്തിലാണ് ജില്ലയില്‍ ബ്രേക്ക് ഡൗണ്‍ പദ്ധതി ഒരുക്കിയിരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ വര്‍ക്ക്‌ഷോപ്പ് അസോസിയേഷനും ബ്രേക്ക് ഡൗണ്‍ സര്‍വീസിന് പൂര്‍ണ പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. എ.കെ. രാധാകൃഷ്ണനും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടി.എം. ജേഴ്‌സണും  അറിയിച്ചു.

ലോക്ഡൗണിലെ തുടര്‍ന്ന് മുഴുവന്‍ വര്‍ക്ക്‌ഷോപ്പുകളും അടഞ്ഞ് കിടക്കുന്നത് കണക്കിലെടുത്ത് വാഹനങ്ങളിലെ യന്ത്രതകരാര്‍ പരിഹരിക്കുന്നതിന് നാല് ബ്രേക്ക് ഡൗണ്‍ സര്‍വീസ് യൂണിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഈ യൂണിറ്റുകള്‍ക്ക് സര്‍വീസ് നടത്തുന്നതിനുള്ള പാസുകളും മോട്ടോര്‍ വാഹന വകുപ്പ് കൈമായിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അവശ്യ സാധനങ്ങളുമായി വരുന്ന വാഹനങ്ങളും മറ്റ് സര്‍വീസുകള്‍ നടത്തുന്ന വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചാല്‍ ബന്ധപ്പെടാനുള്ള നമ്പറുകളും മോട്ടോര്‍ വാഹന വകുപ്പ് നല്‍കിയിട്ടുണ്ട്. ടി.വി ദേവീദാസ്-9847589515, 9446295401, ഗുണേന്ദ്ര ലാല്‍ സുനില്‍- 9249406347, ജോഷി തോമസ്- 8075759659, മനോഹരന്‍-9447645945 എന്നിവരുടെ നമ്പറുകളാണ് നല്‍കിയിട്ടുള്ളത്.

Content Highlights: MVD And Workshop Association Starts Break Down Service