റോഡരികിലെ സ്ലാബിന് മുകളിൽ ഇന്നോവ പാർക്ക് ചെയ്യുന്നതും അത് റോഡിലേക്ക് ഇറക്കുന്നതുമെല്ലാം കഴിഞ്ഞദിവസങ്ങളിൽ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. വയനാട് സ്വദേശിയായ ബിജുവാണ് മാഹിയിലെ ഇടുങ്ങിയ സ്ലാബിന് മുകളിൽ ഇന്നോവ പാർക്ക് ചെയ്തും പുറത്തിറക്കിയും താരമായത്. ബിജുവിന്റെ ഗംഭീര ഡ്രൈവിങ് പാടവം തന്നെയാണ് ഈ വീഡിയോകളിലൂടെ വ്യക്തമാകുന്നതും.

എന്നാൽ ബിജുവിനെപ്പോലൊരു സൂപ്പർ എക്സ്പേർട്ട് ഡ്രൈവർ ചെയ്യുന്നത് മറ്റുള്ളവർ അനുകരിക്കാൻ ശ്രമിച്ചാൽ അത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കുകയാണ് യുഎൻ ദുരന്തലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി. ബിജുവിന്റെ പാരലൽ പാർക്കിങ് സ്കില്ലും വാഹനത്തിന്റെ ജഡ്ജ്മെന്റുമെല്ലാം അതിശയകരമാണെന്ന് പറയുമ്പോഴും ഇത് അനുകരിക്കാൻ ശ്രമിച്ചാൽ അപകടമാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് അദ്ദേഹം.

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കകം അത് ശരിവെക്കുന്ന രീതിയിൽ മറ്റൊരു വീഡിയോയും പുറത്തുവന്നിരുന്നു. ഇന്നോവ പാർക്ക് ചെയ്ത അതേ സ്ഥലത്ത് മറ്റൊരു വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നതും വാഹനം സ്ലാബിന് മുകളിൽ ക്രോസായി കുടുങ്ങിപ്പോകുന്നതുമാണ് ഈ വീഡിയോയിലുണ്ടായിരുന്നത്.

മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:-

ഒരു നല്ല ഡ്രൈവറെ അനുകരിക്കുമ്പോൾ...

ഒരു കാറിന് ശരിക്ക് കടന്നുപോകാൻ പോലും സ്ഥലമില്ലാത്ത ഒരിടത്ത് വാഹനം കൃത്യമായി പാർക്ക് ചെയ്യുന്ന ഒരു ഡ്രൈവറുടെ കഥ ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറൽ ആണല്ലോ. ആ ഡ്രൈവറുടെ പാരലൽ പാർക്കിങ്ങ് സ്കില്ലും വാഹനത്തിന്റെ വലുപ്പത്തെപ്പറ്റിയുള്ള ജഡ്ജ്മെന്റും അതിശയകരമാണ്.

അതോടൊപ്പം ഒരു സുരക്ഷാ വിദഗ്ദ്ധൻ എന്ന നിലയിൽ രണ്ടു കാര്യങ്ങൾ പറയാതെ വയ്യ.

1. ഒരു കാറിനെ സുരക്ഷിതമായി പാർക്ക് ചെയ്യുന്ന രീതിയല്ല നമ്മൾ കാണുന്നത്. അപകടത്തിൽ നിന്നും ഒരു സെക്കൻഡ് പോലും ദൂരമില്ല. ഇവിടെയാണ് അദ്ദേഹം സ്ഥിരമായി പാർക്ക് ചെയ്യുന്നതെങ്കിൽ ഇന്നല്ലെങ്കിൽ നാളെ വാഹനം കനാലിൽ വീണുപോകുമെന്നതിൽ സംശയമില്ല. ആളുകളുടെ പ്രോത്സാഹനത്താൽ കൂടുതൽ ചെയ്താൽ ദുരന്ത സാധ്യത കൂടും, അത് തന്നെ.

2. ഇദ്ദേഹത്തെപ്പോലെ സൂപ്പർ എക്സ്പെർട്ട് ആയ ഒരാൾ പാർക്ക് ചെയ്യുന്നത് കണ്ട് മറ്റുളളവർ ഇവിടെയോ ഇതുപോലെ ഇടുങ്ങിയ സഥലങ്ങളിലോ വീഡിയോ വൈറൽ ആക്കാൻ വേണ്ടി പാർക്ക് ചെയ്യാൻ തുടങ്ങിയാൽ വേറെ അപകടങ്ങളും നാം കാണും.
അതുകൊണ്ട് കാണിച്ചതൊക്കെ കാണിച്ചു, നന്നായി. ഇനി ആ പാർക്കിങ്ങ് സ്ഥലം അടച്ചു കെട്ടുന്നതാണ് എല്ലാവരുടെയും സുരക്ഷക്ക് നല്ലത്.

പറഞ്ഞില്ലെന്ന് വേണ്ട. ഞാൻ പറഞ്ഞാൽ എന്താണ് പിന്നെ സംഭവിക്കുക എന്ന് സംശയമുള്ളവർ ഇവിടെ സ്ഥിരമായുള്ളവരോട് ചോദിച്ചാൽ മതി

മുരളി തുമ്മാരുകുടി

Content Highlights:muralee thummarukudy facebook post and warning about viral car parking