ഹോണ്‍ അടിച്ചാല്‍ ചുവപ്പ് സിഗ്നല്‍ പച്ച ആകുമോ...? സിഗ്നലില്‍ കാത്തുകിടന്നിട്ടുള്ള എല്ലാവര്ക്കും ഒരുതവണയെങ്കിലും തോന്നിയിട്ടുള്ള സംശയമാണിത്. ചെറുപട്ടണമെന്നോ മെട്രോ നഗരമെന്നോ വ്യത്യാസമില്ലാതെ എല്ലാവരും തുടരുന്ന ശീലമാണിത്. എന്നാല്‍, മുംബൈയില്‍ ഈ പണി തുടര്‍ന്നാല്‍ എട്ടിന്റെ പണി തിരിച്ചുകിട്ടും.
ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം ഗതാഗതക്കുരുക്കുള്ള നഗരമാണ് മുംബൈ. സിഗ്നല്‍ സംവിധാനങ്ങളും ഇവിടെ കാര്യക്ഷമാണ്. അതുകൊണ്ടുതന്നെ സിഗ്നലിലെ ഹോണ്‍ മുഴക്കവും നിലയ്ക്കാറില്ല. ഇത് രണ്ട് ദിവസം മുമ്പുവരെയുള്ള കാഴ്ച. ഇനി ഹോണ്‍ മുഴക്കിയാല്‍ സിഗ്നലിന്റെ സമയവും കൂടുന്ന സംവിധാനമാണ് ഒരുങ്ങിയിരിക്കുന്നത്.
സിഗ്നല്‍ തൂണുകളില്‍ ഡെസിബല്‍ മീറ്റര്‍ ഘടിപ്പിച്ചാണ് പോലീസ് ഹോണ്‍ മുഴക്കല്‍ അവസാനിപ്പിക്കാനൊരുങ്ങുന്നത്. 85 ഡെസിബല്‍ ലിമിറ്റാണ് ഇതില്‍ സെറ്റ് ചെയ്തിരിക്കുന്നത്. സിഗ്നലില്‍ ഒന്നിലധികം വാഹനങ്ങള്‍ ഹോണ്‍ മുഴക്കി 85 ഡെസിബലില്‍ മുകളില്‍ ശബ്ദമുണ്ടായാല്‍ സിഗ്നല്‍ റീ-സെറ്റ് ആകും.
അതായത്, 90 സെക്കന്റില്‍ ആരംഭിച്ച സിഗ്നല്‍ 10 സെക്കന്റ് ആകുമ്പോഴാണ് ഹോണ്‍ മുഴക്കുന്നതെങ്കില്‍ വീണ്ടും 90-ല്‍ നിന്ന് തന്നെ ആരംഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. പെട്ടെന്നൊരു മാറ്റം സാധ്യമല്ലെങ്കിലും സമയത്തിന്റെ വില അറിയുന്ന ആളുകള്‍ പതിയെ ഹോണ്‍ മുഴക്കുന്ന ശീലം അവസാനിപ്പിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
ഹോണ്‍ മുഴക്കുന്നത് മൂലമുണ്ടാകുന്ന ശബ്ദമലിനീകരണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. സിഎസ്എംടി, ബാദ്ര, പെഡാര്‍ റോഡ്, ഹിന്ദ്മാതാ തുടങ്ങിയ പ്രധാന നഗരങ്ങളിലെ സിഗ്നലുകളിലാണ് ഡെസിബല്‍ മീറ്റര്‍ നല്‍കിയിട്ടുള്ളത്.
Content Highlights: Mumbai Police Install Decibel Meter In Signals
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..