പ്രതീകാത്മക ചിത്രം | Photo: MVD Kerala|Mathrubhumi
മോട്ടോര്‍ വാഹന നികുതി വര്‍ധിപ്പിക്കാന്‍ ബജറ്റില്‍ നിര്‍ദേശം. രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വര്‍ധിപ്പിക്കാനാണ് ബജറ്റില്‍ നിര്‍ദേശം . ഇത്തരത്തില്‍ നികുതി വര്‍ധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം 60 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി നിയമസഭയില്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ ഒരു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹങ്ങള്‍ക്ക് 10 ശതമാനവും അതിന് മുകളില്‍ രണ്ട് ലക്ഷം വരെവിലയുള്ളവയ്ക്ക് 12 ശതമാനവും രണ്ട് ലക്ഷത്തിന് മുകളില്‍ 21 ശതമാനവുമാണ് നികുതി.
ബൈക്കുകളുടെ നികുതി വര്‍ധിപ്പിക്കുന്നതിന് പുറമെ, പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി ചുമത്താനും ബജറ്റില്‍ നിര്‍ദേശിക്കുന്നുണ്ട്. ഡീസല്‍ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നതിനും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനുമായാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നതെന്നാണ് വിലയിരുത്തല്‍. സമാന ലക്ഷ്യവുമായാണ് കേന്ദ്രം സ്ക്രാപ്പ് പോളിസി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബജറ്റിലെ നിര്‍ദേശം അനുസരിച്ച് പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. മുച്ചത്ര വാഹനങ്ങള്‍, സ്വകാര്യ മോട്ടോര്‍ വാഹനങ്ങള്‍, ഇടത്തരം മോട്ടോര്‍ വാഹനങ്ങള്‍, ഹെവി മോട്ടോര്‍ വാഹനങ്ങള്‍, മറ്റ് ഡീസല്‍ വാഹനങ്ങള്‍ എന്നിവയ്ക്കാണ് ഹരിത നികുതി ഏര്‍പ്പെടുത്തുന്നത്. ഏകദേശം 10 കോടി രൂപയുടെ അധിക വരുമാനം കണക്കാക്കുന്നു.
മോട്ടോര്‍ വാഹനങ്ങളുടെ നികുതി കുടിശിക ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള പദ്ധതികള്‍ ഈ വര്‍ഷവും തുടരുമെന്നും മന്ത്രി അറിയിച്ചു. രണ്ട് കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. എന്നാല്‍, കാരവന് ടൂറിസത്തിനായി വാടകയ്ക്ക് എടുത്തിട്ടുള്ളതും ലീസില്‍ ഏര്‍പ്പെട്ടിട്ടുള്ളതുമായ കാരവനുകളുടെ നികുതി സ്ക്വയര്‍ മീറ്ററിന് 1000 രൂപയില്‍ നിന്ന് 500 രൂപയായി കുറയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
Content Highlights: Kerala budget 2022 - Motorcycle tax increased by one percentage,Green tax for all diesel vehicles
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..