താഗതം തടസ്സപ്പെടുത്തി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പോലീസ് തൂക്കിയെടുത്ത് കൊണ്ടുപോകുന്നതില്‍ പുതുമയൊന്നുമില്ല. എന്നാല്‍, നോ പാര്‍ക്കിങ്ങ് ഏരിയയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം ഉടമയെ ഉള്‍പ്പെടെ പൊക്കിയെടുത്താലോ..? ഇത്തരത്തിലുള്ള ഒരു ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് നോ പാര്‍ക്കിങ്ങില്‍ നിര്‍ത്തിയിരുന്ന ബൈക്ക് ഉടമയെ ഉള്‍പ്പെടെ പോലീസ് ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയത്. 

കഴിഞ്ഞ വ്യാഴാഴ്ച നാനാപേഠ് മേഖലയിലാണ് സംഭവം നടക്കുന്നത്. വൈകുന്നേരത്തോടെ ട്രാഫിക് പോലീസ് സംഘമെത്തി അനധികൃതമായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം എടുത്ത് കൊണ്ടുപോകുകയായിരുന്നു. അതിനിടെയിലാണ് ഈ സംഭവം അരങ്ങേറുന്നതെന്നാണ് പോലീസ് മേധാവിയായ രാഹുല്‍ ശ്രീരാം അറിയിച്ചിരിക്കുന്നത്. 

പോലീസ് ഉദ്യോഗസ്ഥര്‍ ബൈക്ക് ഏകദേശം ഉയര്‍ത്തി കഴിഞ്ഞതോടെ ഇതിന്റെ ഉടമ ഓടിയെത്തുകയും ഉയര്‍ത്തി കൊണ്ടിരുന്ന ബൈക്കിലേക്ക് ചാടി കയറുകയുമായിരുന്നു എന്നാണ് പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ബൈക്കില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറായിരുന്നില്ല. അതോടെ ഉടമയെ ഉള്‍പ്പെടെ ബൈക്ക് വാനിലേക്ക് മാറ്റുകയാണ് ചെയ്തതെന്നും പോലീസ് മേധാവി കൂട്ടിച്ചേര്‍ത്തു.

പിന്നീട് പോലീസ് സ്‌റ്റേഷനിലെത്തിയ ബൈക്ക് ഉടമ ക്ഷമ ചോദിക്കുകയും നിയമലംഘനത്തിനുള്ള പിഴയൊടുക്കുകയും ചെയ്‌തെന്നാണ് പോലീസ് അറിയിച്ചിട്ടുള്ളത്. അതേസമയം, വാഹന ഉടമയെ ഉള്‍പ്പെടെ പൊക്കിയതിന് ക്രെയിന്‍ ജീവനക്കാരനും പോലീസ് കോണ്‍സ്റ്റബിളിനുമെതിരേയും നടപടി സ്വീകരിച്ചു. പോലീസ് കോണ്‍സ്റ്റബിളിലെ കോണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയതായും പോലീസ് മേധാവി അറിയിച്ചു. 

Content Highlights: Motorcycle Being Towed Along With Rider In Pune