ഓടുന്ന കാറിനുപിന്നില്‍ നായയെ കെട്ടിയിട്ട് റോഡിലൂടെ വലിച്ചിഴച്ച സംഭവത്തില്‍ മോട്ടര്‍ വാഹന നിയമപ്രകാരം ഡ്രൈവറിനെതിരേ കേസെടുക്കുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ്. ഇതിനുപുറമെ, ഈ വാഹനം ഒടിച്ചയാളുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചു.
സംഭവത്തില്‍ കുന്നുകര ചാലാക്ക കോന്നം വീട്ടില്‍ യൂസഫി (62) ന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്. മിണ്ടാപ്രാണിയെ ടാറിട്ട റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതു കണ്ട മറ്റൊരു നായ ഏറെ ദൂരം ഇതിന്റെ പിന്നാലെ ഓടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വേദന വിതച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കല്‍ കോളേജ്-അയിരൂര്‍ റോഡില്‍ വെള്ളിയാഴ്ചയാണ് സംഭവം.
കാറിനു പിന്നാലെ ബൈക്കില്‍ വന്ന അങ്കമാലി സ്വദേശി കരിമ്പാത്തൂര്‍ അഖിലാണ് ഈ രംഗം കണ്ടത്. അമ്പതുകാരനായ ഒരാളാണ് കാര്‍ ഓടിച്ചിരുന്നത്. അഖില്‍ മുന്നിലേക്ക് ബൈക്ക് ഓടിച്ചുകയറ്റി കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും ഓടിച്ചയാള്‍ വകെവച്ചില്ല. മൂന്ന് കിലോമീറ്ററോളം ഇത്തരത്തില്‍ നായയെ കെട്ടിവലിച്ചു.
ഈ രംഗം അഖില്‍ ഫോണില്‍ ചിത്രീകരിക്കുന്നത് കണ്ടതിനെ തുടര്‍ന്ന് ഇയാള്‍ നായയെ അഴിച്ചുവിട്ടു. പിന്നീട് അഖിലും സുഹൃത്ത് ഷെറിനും ചേര്‍ന്ന് അനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ ഭാരവാഹി ടി.ജെ. കൃഷ്ണനൊപ്പം സ്ഥലത്ത് എത്തി നായയെ കണ്ടെത്തി. വെളിംപറമ്പില്‍ മൃതപ്രായമായ അവസ്ഥയിലായിരുന്നു നായ. ഇവര്‍ ഇതിനെ പറവൂരിലെ സര്‍ക്കാര്‍ മൃഗാശുപത്രിയില്‍ എത്തിച്ചു.
രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ചന്ദ്രകാന്ത് ഉള്‍പ്പെടെയുള്ളവര്‍ നായയ്ക്ക് അടിയന്തര ശുശ്രൂഷ നല്‍കി. റോഡില്‍ വലിച്ചിഴച്ചതുമൂലം കാലുകള്‍ക്കും മസിലുകള്‍ക്കും ചതവും പരിക്കുമുണ്ട്. നായയെ വൈകീട്ട് ദയയുടെ കീഴിലുള്ള താത്കാലിക ഷെല്‍റ്ററിലേക്ക് മാറ്റി. പ്ലാസ്റ്റിക് കയര്‍ നായയുടെ കഴുത്തില്‍ കെട്ടിയശേഷം മറ്റേയറ്റം ഡിക്കിയില്‍ കെട്ടിയാണ് വലിച്ചിഴച്ചത്.