പയോഗശൂന്യമായ വാഹനം പൊളിച്ചുവില്‍ക്കണോ. ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കണം. കേടുപാട് തീര്‍ത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും വാങ്ങണം. ഇതൊക്കെ ചെയ്യാന്‍ കഴിയുമെങ്കില്‍ പിന്നെന്തിനാണ് വാഹനം പൊളിക്കുന്നതെന്നു ചോദിക്കരുത്. മോട്ടോര്‍വാഹന വകുപ്പിന്റേതാണ് വിചിത്രമായ നിര്‍ദേശം. കുടിശ്ശികകളെല്ലാം തീര്‍ത്ത് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ ഇനി വാഹനം പൊളിക്കാനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കൂ.

കേന്ദ്രീകൃത വാഹന രജിസ്‌ട്രേഷന്‍ സംവിധാനമായ 'വാഹനി'ലേക്കു മാറിയപ്പോഴാണ് ഈ ഗതികേട്. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുണ്ടെങ്കിലേ അപേക്ഷ സ്വീകരിക്കൂ. സ്റ്റാര്‍ട്ടാക്കാനും ഓടിക്കാനും കഴിയാത്ത വാഹനങ്ങള്‍ക്ക് ഇവ ലഭിക്കില്ല. ഇതോടെ, രേഖകള്‍ ശരിയാക്കാന്‍ ചെലവാകുന്ന തുകപോലും വാഹനം വിറ്റാല്‍ കിട്ടാത്ത അവസ്ഥയായി.

രജിസ്‌ട്രേഷന്‍ റദ്ദാക്കാന്‍ നിലവിലുണ്ടായിരുന്ന സങ്കീര്‍ണതകള്‍ ഓണ്‍ലൈനിലേക്കു മാറിയതോടെ ഇരട്ടിയായി. വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉപയോഗശൂന്യമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് നേരത്തേ പൊളിക്കാന്‍ അനുമതി നല്‍കിയിരുന്നത്. നികുതി കുടിശ്ശികയും ഗതാഗത നിയമലംഘനത്തിന് ചുമത്തിയിട്ടുള്ള പിഴകളും അടയ്ക്കണം. എന്‍ജിന്‍, ഷാസി എന്നിവ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ അവ രേഖപ്പെടുത്തിയിട്ടുള്ള ഭാഗം വേര്‍പെടുത്തി ഓഫീസില്‍ ഹാജരാക്കണം.

ഉപയോഗിക്കാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയില്ലെങ്കിലും ഉടമയ്ക്കു ബാധ്യതയാവും. വാഹനത്തിന്റെ നികുതി കുടിശ്ശിക ഓരോ വര്‍ഷവും വര്‍ധിക്കും. ഇത് പിഴസഹിതം അടച്ചില്ലെങ്കില്‍ റവന്യൂ റക്കവറിവരെയുണ്ടാകും. ഉടമസ്ഥാവകാശം മാറാതെ ആക്രിക്കച്ചവടക്കാര്‍ക്ക് നല്‍കിയാലും ദുരിതമൊഴിയില്ല. വാഹനത്തിന്റെ എന്‍ജിന്‍, ഷാസി എന്നിവ മറ്റു വാഹനങ്ങളില്‍ ഘടിപ്പിക്കാനിടയുണ്ട്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഉടമ ഉത്തരവാദിത്വം ഏല്‍ക്കേണ്ടിവരും.

നേരിട്ട് അപേക്ഷ നല്‍കണം

രജിസ്‌ട്രേഷന്‍ റദ്ദാക്കി വാഹനങ്ങള്‍ പൊളിക്കാനുള്ള അപേക്ഷകള്‍ നേരിട്ട് നല്‍കണം. നികുതി കുടിശ്ശിക അടയ്ക്കുകയും പെര്‍മിറ്റ്, ഫിറ്റ്‌നസ് എന്നിവ മുടങ്ങിയിട്ടുണ്ടെങ്കില്‍ കോമ്പൗണ്ടിങ് ഫീസും ഗതാഗത നിയമലംഘനത്തിനുള്ള പിഴയും നല്‍കണം. ഫിറ്റ്‌നസ് പരിശോധന ആവശ്യമില്ല. അക്ഷയ കേന്ദ്രങ്ങള്‍ വഴിയും നേരിട്ട് ഓണ്‍ലൈനിലും അപേക്ഷ നല്‍കിയവര്‍ക്കാണ് ബുദ്ധിമുട്ടുണ്ടായത്. സോഫ്റ്റ്‌വേറിലെ പിഴവാണ് പ്രതിസന്ധിക്കു കാരണം. ഇത് പരിഹരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറേറ്റ്