നിരത്തുകളില്‍ വലിയ തോതില്‍ മലിനീകരണമുണ്ടാക്കി പുക പുറന്തള്ളി പോകുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് പരിശോധനയ്ക്ക് ഇറങ്ങുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിര്‍ദേശം അനുസരിച്ച് ഏപ്രില്‍ 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പുകവണ്ടികള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാനാണ് മോട്ടോര്‍ വാഹന വകുപ്പ് ഒരുങ്ങുന്നത്. ഇക്കാര്യം എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്കില്‍ അറിയിക്കുകയും ചെയ്തു.

വാഹനത്തില്‍ സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ആദ്യ തവണ 2000 രൂപ പിഴയോ മൂന്ന് മാസം തടവ് ശിക്ഷയോ ലഭിക്കുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. കുറ്റം ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയോ ആറ് മാസം വരെ തടവോ നല്‍കാമെന്നും മോട്ടോര്‍ വാഹന നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. പരിശോധന ദിവസം മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. 

മോട്ടോര്‍ വാഹന വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ബഹുമാനപ്പെട്ട ദേശീയ ഹരിത ട്രിബ്യൂണല്‍ ദക്ഷിണമേഖലാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം കേരളത്തിലെ അന്തരീക്ഷ വായു നിലവാരം വര്‍ദ്ധിപ്പിക്കുന്നതിനായി ഹ്രസ്വകാല അടിസ്ഥാനത്തിലും ദീര്‍ഘകാല അടിസ്ഥാനത്തിലുമായി വിവിധ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

ഉയര്‍ന്ന തോതില്‍ അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്ന പുക വമിച്ച് പോവുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാനാണ് ട്രിബ്യൂണല്‍ ഉത്തരവിട്ടിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഏപ്രില്‍ 15 മുതല്‍ 30 വരെ മോട്ടോര്‍ വാഹന വകുപ്പ് 'ഓപ്പറേഷന്‍ ഗ്രീന്‍ അവയര്‍നെസ്സ്' എന്ന പേരില്‍ പ്രത്യേക വാഹന പരിശോധനകള്‍ നടത്തുന്നു. കൂടാതെ, മെയ് മാസം മുതല്‍ തുടര്‍ന്നുള്ള മാസങ്ങളിലെ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന തുടരും.

  1. മോട്ടോര്‍ വാഹന ചട്ടം 115 (7): എല്ലാ വാഹനങ്ങളിലും ഗവ.അംഗീകൃത കേന്ദ്രങ്ങളില്‍ പരിശോധിച്ച പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് (Pollution Under Control Certificate - PUCC) സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം.
     
  2. മോട്ടോര്‍ വാഹന ചട്ടം 116 (1) : ഒരു വാഹന പരിരോധനാ ഉദ്യോഗസ്ഥന്‍ PUC സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടാല്‍ ആയത് വാഹന പരിശോധനാ ദിവസം മുതല്‍ 7 ദിവസത്തിനകം ഹാജരാക്കിയിരിക്കണം.
     
  3. മോട്ടോര്‍ വാഹന ചട്ടം 116 (6) : നിശ്ചിത സമയ പരിധിക്കുള്ളില്‍ (7 ദിവസം) മേല്‍പ്പറഞ്ഞ PUC സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കിലോ / അല്ലെങ്കില്‍ PUC test ല്‍ പരാജയപ്പെട്ട സര്‍ട്ടിഫിക്കറ്റ് ഹാജാക്കുകയോ ചെയ്താല്‍ മോട്ടോര്‍ വാഹന നിയമം 190 (2) പ്രകാരം :
  • ആദ്യ തവണ 2000 രൂപ പിഴയോ 3 മാസം വരെ ഉള്ള തടവോ അല്ലെങ്കില്‍ 2 ഉം കൂടിയോ അല്ലെങ്കില്‍ മേല്‍പ്പറഞ്ഞവ കൂടാതെ 3 മാസം വരെ ലൈസന്‍സിന് അയോഗ്യത കല്‍പ്പിക്കുകയോ ആവാം.
  • കുറ്റം ആവര്‍ത്തിച്ചാല്‍ 10000 രൂപ പിഴയോ 6 മാസം വരെ ഉള്ള തടവോ അല്ലെങ്കില്‍ 2 ഉം കൂടിയോ ലഭിക്കും.

4. ഏഴ് ദിവസത്തിനുള്ളില്‍ കാണിക്കുന്നത് നിശ്ചിത വായു നിലവാരമുള്ള (Valid) PUC സര്‍ട്ടിഫിക്കറ്റാണെങ്കില്‍ വകുപ്പ് 177 പ്രകാരം 250 രൂപ അടക്കേണ്ടി വരും.

5. മോട്ടോര്‍ വാഹന ചട്ടം 116 (8): നിശ്ചിത സമയ പരിധിക്കുള്ളില്‍ PUC സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ ആ വാഹനത്തിന്റെ ആര്‍.സി. സസ്‌പെന്റ് ചെയ്യാനുള്ള അധികാരം രജിസ്റ്ററിംഗ് അതോറിറ്റിക്ക് ഉണ്ട്.

കൃത്യമായ ഇടവേളകളില്‍ നമ്മുടെ വാഹനത്തിന്റെ എന്‍ഞ്ചിന്‍ ഓയില്‍, എയര്‍ ഫില്‍റ്റര്‍, ഫ്യൂവല്‍ ഫില്‍റ്റര്‍ എന്നിവ മാറുക. കാലപ്പഴക്കം കാരണം എന്‍ഞ്ചിനിലുള്ള തേയ്മാനം വന്ന ഭാഗങ്ങള്‍ മാറ്റിയിടുക. നമ്മുടെയും ഭാവിതലമുറയുടെയും നല്ലതിനായി ഗുണനിലവാരമുള്ള അന്തരീക്ഷവായു കൂടിയേ തീരൂ.

Content Highlights: Motor Vehicle Department Vehicle Checking To Ensure Pollution Control