
-
വാഹനങ്ങളുടെ രജിസ്ട്രേഷന് വിവരങ്ങള്‍ കൃത്യമാണോയെന്നു പരിശോധിക്കാന്‍ ഉടമസ്ഥര്‍ക്ക് അവസരം. സംസ്ഥാനത്തെ 1.40 കോടി വാഹനങ്ങളുടെ വിവരങ്ങള്‍ രാജ്യവ്യാപക കേന്ദ്രീകൃത രജിസ്ട്രേഷന് സംവിധാനമായ 'വാഹനി'ലേക്കു മാറിയതിന്റെ ഭാഗമായാണ് രേഖകള്‍ ഒത്തുനോക്കാന്‍ അവസരം നല്‍കുന്നത്.
രേഖകളില്‍ തെറ്റുണ്ടെങ്കില്‍ അധികൃതരെ അറിയിച്ച് തിരുത്താം. മൊബൈല്‍ നമ്പര്‍ തിരുത്താനും പുതിയ നമ്പര്‍ ഉള്‍ക്കൊള്ളിക്കാനും അനുമതിയുണ്ട്. വാഹന്‍ സംവിധാനത്തില്‍ മൊബൈല്‍ നമ്പര്‍ നിര്‍ണായകമാണ്.
ഓരോ സേവനത്തിനുമുള്ള ഒറ്റത്തവണ പാസ്വേഡ് ഉടമയുടെ മൊബൈല്‍ നമ്പറിലാകും ലഭിക്കുക. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴചുമത്തുന്നത് ഉള്‍പ്പെടെയുള്ള വിവരങ്ങളും മൊബൈലില്‍ സന്ദേശമായി ലഭിക്കും.
വാഹനം അപകടത്തില്‍പ്പെടുമ്പോഴും ഉപേക്ഷിക്കുമ്പോഴുമൊക്കെ ഉടമയെ കണ്ടെത്താന്‍ മൊബൈല്‍ നമ്പര്‍ രജിസ്ട്രേഷന് ഉപകരിക്കും. ഓണ്‍ലൈന്‍ അപേക്ഷകളുടെ പുരോഗതിയും ഉടമസ്ഥര്‍ക്ക് മൊബൈല്‍ഫോണില്‍ അറിയാം.
ഓഫീസുകളില്‍നിന്ന് രജിസ്ട്രേഷന് സര്‍ട്ടിഫിക്കറ്റ് തപാലില്‍ അയയ്ക്കുമ്പോള്‍ സ്പീഡ് പോസ്റ്റ് നമ്പര്‍ സഹിതം മൊബൈലില്‍ സന്ദേശമെത്തും. ഇതിലൂടെ തപാല്‍ മടങ്ങുന്നത് ഒഴിവാക്കാനാകും.
ഇടനിലക്കാരുടെ നമ്പര്‍ ഒഴിവാക്കണം
മോട്ടോര്‍വാഹന വകുപ്പിലെ സേവനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനായിട്ടും ഇടനിലക്കാരെ ആശ്രയിക്കുന്നവരുണ്ട്. ഇടനിലക്കാര്‍ അവരുടെ മൊബൈല്‍ നമ്പറാണ് വാഹന്‍ സൈറ്റില്‍ നല്‍കാറ്.
അടയ്ക്കുന്ന ഫീസ് സംബന്ധിച്ച വിവരങ്ങള്‍വരെ മൊബൈലില്‍ അറിയാം. ഇതൊഴിവാക്കാനാണ് ഇടനിലക്കാര്‍ സ്വന്തം നമ്പര്‍ നല്‍കാറ്. അതിനാല്‍ രേഖകളില്‍ സ്വന്തം നമ്പര്‍തന്നെ ഉള്ക്കൊള്ളിക്കുന്നെന്ന് ഉടമകള്‍ ഉറപ്പുവരുത്തണമെന്ന് മോട്ടോര്‍വാഹന വകുപ്പ് അറിയിച്ചു.
വാഹന്‍ വെബ്സൈറ്റ്: https://vahan.parivahan.gov.in/
Content Highlights: Motor Vehicle Department Vahan Online Portal For Vehicle Documents
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..