വാഹനങ്ങളില്‍നിന്നുള്ള അന്തരീക്ഷ മലിനീകരണത്തിന് തടയിടാന്‍ ഹരിത ബോധവത്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തില്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപ പിഴയീടാക്കാനാണ് തീരുമാനം. വീണ്ടും ആവര്‍ത്തിച്ചാല്‍ 10,000 രൂപ പിഴയടയ്‌ക്കേണ്ടി വരും. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസന്‍സിന് അയോഗ്യതയും വരാം.

പരിശോധനയില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തപക്ഷം ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിര്‍ദേശിക്കുമായിരുന്നു. ഇനി മുതല്‍ ഈ ഇളവുകള്‍ ഉണ്ടാകില്ലെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. സംസ്ഥാനത്തെ വായു മലിനീകരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സര്‍ക്കാരിനു നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

പുക പരിശോധന കേന്ദ്രങ്ങള്‍ ഓണ്‍ലൈനാക്കുന്നതും ഇ-സര്‍ട്ടിഫിക്കറ്റുകളിലേക്ക് മാറ്റുന്നതുമായ നടപടികള്‍ പുരോഗമിക്കുകയാണ്. വാഹന പുക പരിശോധന വിവരങ്ങളും മോട്ടോര്‍ വാഹന വകുപ്പിന് ഓണ്‍ലൈനില്‍ ലഭ്യമാക്കുന്ന തരത്തിലാകും പ്രവര്‍ത്തനം. സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ പരിശോധിച്ച പുകസര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്നാണ് ഇപ്പോള്‍ നിര്‍ദേശം. 

ഉയര്‍ന്നതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോര്‍വാഹനവകുപ്പ് ഏപ്രില്‍ മുപ്പതുവരെ തുടരുന്ന കര്‍ശനപരിശോധന ആരംഭിച്ചത്.

Content Highlights: Motor Vehicle Department Taking Strict Action Against Polluting Vehicle