വാഹനങ്ങളില്‍ രൂപമാറ്റം വരുത്തുന്നതിനും ഗ്ലാസുകളില്‍ കൂളിങ് ഫിലിം പതിക്കുന്നതിനുമെതിരേ വീണ്ടും കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ ഇന്‍ഡിക്കേറ്റര്‍, ഹെഡ് ലൈറ്റ് എന്നിവ ശരിയായ രീതിയില്‍ ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്കെതിരേയും നിയമ നടപടിയെടുക്കണമെന്ന് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ജൂണ്‍ എട്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 

റോഡ് സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി ഏപ്രില്‍ 9-ന് പുറപ്പെടുവിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. സര്‍ക്കാരിനോട് കോടതി റിപ്പോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ പരിശോധന കര്‍ശനമാക്കാന്‍ വിശദ റിപ്പോര്‍ട്ട് നല്‍കാനും സംസ്ഥാനത്തെ ആര്‍.ടി.ഒ.മാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ എന്നിവര്‍ക്കും കമ്മിഷണര്‍ ടി.സി.വിഗ്‌നേഷ് നിര്‍ദേശം നല്‍കി. 

സമ്പര്‍ക്കവിലക്കിന് ഇളവ് വന്ന പശ്ചാത്തലത്തില്‍ വിവിധ ജില്ലകളില്‍ പരിശോധനാ നടപടികള്‍ തുടങ്ങി. സംസ്ഥാനത്തെ വാഹനാപകടങ്ങളുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ട്ടന്‍, കൂളിങ് ഫിലിം, സ്റ്റിക്കര്‍ പതിക്കുക, ദേശീയ പതാക അനൗചിതമായി ആലേഖനം ചെയ്യുക, വാഹനഭാഗങ്ങള്‍ക്ക് രൂപമാറ്റം വരുത്തുക തുടങ്ങിയ ലംഘനങ്ങള്‍ക്കെതിരേ അടിയന്തര നടപടി വേണമെന്നാണ് ഉത്തരവ്. 

വലിയ വാഹനങ്ങളില്‍ റിഫ്ളക്ടറുകള്‍ ശരിയായി ഘടിപ്പിക്കാതിരിക്കുക, ഇന്‍ഡിക്കേറ്ററിലും ലൈറ്റിലും ഫിലിം ഒട്ടിക്കുക, ശരിയല്ലാത്ത നമ്പര്‍ പ്ലേറ്റ് എന്നിവയ്ക്കെതിരേയും നടപടി ആവശ്യപ്പെടുന്നു. ചട്ടങ്ങള്‍ പാലിക്കാത്ത സ്‌കൂള്‍ ബസുകള്‍ക്ക് ഫിറ്റ്നസ് നല്‍കരുതെന്ന് ജോയന്റ് കമ്മിഷണറുടെ ഉത്തരവിലുണ്ട്.

Content Highlights: Motor Vehicle Department Taking Strict Action Against Modified Vehicle And Cooling Stickers