മോട്ടോര്‍ വാഹനച്ചട്ടം ലഘിച്ച് വാഹനങ്ങളില്‍ ഗവ. ഓഫ് കേരള ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരേ നടപടി. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ അമ്പതോളം വാഹനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. പൊതുമേഖലാ സ്ഥാപനങ്ങളിലെ കരാര്‍ വാഹനങ്ങളിലും അന്തിപ്പച്ച മത്സ്യവില്‍പ്പന വാഹനങ്ങളില്‍പ്പോലും ഗവ. ഓഫ് കേരള എന്ന ബോര്‍ഡ് വെച്ച് സഞ്ചരിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തി.

മോട്ടോര്‍ വാഹന വകുപ്പ് നിയമത്തിലെ 98 എ ചട്ടം പ്രകാരം സര്‍ക്കാര്‍ വാഹനങ്ങളില്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ പേരോ സ്ഥാനമോ മാത്രമേ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ പാടൂള്ളൂ. ഇതു മറികടന്ന് നിരവധി വാഹനങ്ങളില്‍ കേരള സര്‍ക്കാര്‍ എന്ന ബോര്‍ഡ് വെച്ചിരിക്കുന്നു. കൊല്ലം എന്‍ഫോഴ്‌സ്‌മെന്റ് എം.വി.ഐ. ബിനു ജോര്‍ജ്, എ.എം.വി.ഐ. ഡി.ശരത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

ചട്ടം ലംഘിച്ചാല്‍ പിഴ

ചട്ടം ലംഘിച്ച് ബോര്‍ഡ് സ്ഥാപിക്കുന്ന വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നിയമപ്രകാരം 3,000 മുതല്‍ 10,000 വരെ പിഴയീടാക്കാം. രജിസ്‌ട്രേഷന്‍ നിയമങ്ങളുടെ ലംഘനമെന്ന കുറ്റമാണ് ചുമത്താന്‍ കഴിയുന്നത്.

ബോര്‍ഡുകള്‍ സ്ഥാപിക്കാവുന്ന വാഹനങ്ങള്‍

 • ഗവര്‍ണറുടെ വാഹനത്തില്‍ ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ കേരള ഗവര്‍ണര്‍ എന്നെഴുതിയ ബോര്‍ഡ് ഉപയോഗിക്കാം. 30x10 സെ.മീ. വലുപ്പത്തിലുള്ള ബോര്‍ഡില്‍ 8 മി.മീ. ഘനവും 60 മി.മീ. വലുപ്പവുമുള്ള അക്ഷരങ്ങള്‍
   
 • രാജ്ഭവന്‍ വാഹനങ്ങള്‍ക്ക് ചുവന്ന ബോര്‍ഡില്‍ വെളുത്ത അക്ഷരത്തില്‍ രാജ്ഭവന്‍ എന്ന ബോര്‍ഡ് ഉപയോഗിക്കാം. വലുപ്പം 30x10. അക്ഷരവലുപ്പം 40 മി.മീ., 8 മി.മീ. ഘനം
   
 • മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് 'കേരള സര്‍ക്കാര്‍' (kerala state) എന്ന ബോര്‍ഡും സീരിയല്‍ നമ്പരും. 30x10 വലുപ്പത്തിലുള്ള ചുവന്ന ബോര്‍ഡില്‍ 60x8 മി.മീ. അക്ഷരവലുപ്പം
   
 • എം.പി.മാര്‍ക്ക് 25x10 സെ.മീ. വലുപ്പത്തിലുള്ള ബോര്‍ഡില്‍ (ചുവപ്പും വെളുപ്പും) 60x8 മി.മീ. അക്ഷരം
   
 • എം.എല്‍.എ.മാര്‍ക്ക് 25x10 സെ.മീ. വലുപ്പത്തിലുള്ള ബോര്‍ഡില്‍ 60x8 മി.മീ. അളവില്‍ 'എം.എല്‍.എ.' ബോര്‍ഡ്
   
 • ജില്ലാ കളക്ടര്‍ക്ക് 30x10 വലുപ്പത്തിലുള്ള ബോര്‍ഡില്‍ 40x8 മി.മീ. അക്ഷരത്തില്‍ 'കളക്ടര്‍' ബോര്‍ഡ്
   
 • മറ്റു സര്‍ക്കാര്‍, പൊതുമേഖലാ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഭരണഘടനാ സ്ഥാപനങ്ങള്‍, കമ്മിഷനുകള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയിലെ വാഹനങ്ങളില്‍ അതത് വകുപ്പുകളുടെയോ സ്ഥാപനങ്ങളുടെയോ പേര് ഉപയോഗിക്കാം. 30x10 സെ.മീ. വലുപ്പത്തിലുള്ള ബോര്‍ഡില്‍ 40x8 മി.മീ. വലുപ്പത്തിലുള്ള അക്ഷരം
   
 • വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഭരണഘടനാ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്ക് സ്ഥാനപ്പേര് സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ ഉപയോഗിക്കാം. 25x10 സെ.മീ. വലുപ്പം.
   
 • ദേശസാത്കൃത ബാങ്കുകള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍/ബോര്‍ഡുകള്‍ എന്നിവയ്ക്കും സ്ഥാപനങ്ങളുടെ പേരിനൊപ്പം 'എ സ്റ്റേറ്റ് ഗവ. അണ്ടര്‍ടേക്കിങ്', 'എ സെന്‍ട്രല്‍ ഗവ. അണ്ടര്‍ടേക്കിങ്' എന്നും രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കാം. ഇളം നീലനിറത്തിലുള്ള ബോര്‍ഡില്‍ വെള്ള അക്ഷരങ്ങള്‍. 30x10 സെ.മീ. വലുപ്പമുള്ള ബോര്‍ഡ്.
   
 • സര്‍വകലാശാലകളുടെ വാഹനങ്ങള്‍ക്ക് അവയുടെ പേരെഴുതിയ ബോര്‍ഡും വൈസ് ചാന്‍സലര്‍മാര്‍ക്ക് സ്ഥാനം സൂചിപ്പിക്കുന്ന ബോര്‍ഡും ഉപയോഗിക്കാം.
   
 • ഹൈക്കോടതിയിലെ സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍, കേന്ദ്രസര്‍ക്കാര്‍ കൗണ്‍സല്‍മാര്‍, ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് സ്ഥാനം സൂചിപ്പിക്കുന്ന ബോര്‍ഡ് ഉപയോഗിക്കാം.
   
 • ഡെപ്യൂട്ടി സെക്രട്ടറി മുതല്‍ മുകളിലേക്ക് റാങ്കുള്ള സെക്രട്ടേറിയറ്റ് ഓഫീസര്‍മാര്‍, ലോക് അദാലത്ത് ചെയര്‍മാന്‍ എന്നിവര്‍ക്ക് സ്ഥാനം സൂചിപ്പിക്കുന്ന ബോര്‍ഡ് ഉപയോഗിക്കാം.

Content Highlights: Motor Vehicle Department Taking Action Against Unauthorized Government Vehicles