ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ മുമ്പിലെ ചില്ലില്‍ ചിത്രങ്ങളും സ്ഥലപ്പേരുകളും ഒട്ടിച്ചിരുന്ന 16 സ്വകാര്യ ബസുകള്‍ക്കതിരേ മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി. ഇത്തരം സ്റ്റിക്കറുകള്‍ ഇളക്കിമാറ്റുകയും 250 രൂപ പിഴ ഈടാക്കുകയും ചെയ്തു. ബസുടമകളുടെ ആവശ്യപ്രകാരം ഇവ നീക്കം ചെയ്യാന്‍ രണ്ട് ദിവസം അനുവദിച്ചു.
വ്യാഴാഴ്ച രാവിലെ മുതലാണ് മോട്ടോര്‍വാഹന വകുപ്പ് നഗരത്തില്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലും പരിശോധന നടത്തിയത്. മുമ്പിലെ ഗ്ലാസില്‍ ചിത്രപ്പണികളും ഡിസൈനുകളില്‍ പേരുകളും സ്ഥലപ്പേരുകളും അടക്കമുള്ളവ എഴുതിവച്ചിരുന്നു.
ഇതുകൂടാതെയാണ് കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരപ്പണികളും പാവകളും മാലകളും ചാര്‍ത്തലും നടത്തിയിരുന്നത്. ഇവ ഒഴിവാക്കണമെന്നായിരുന്നു മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ നിര്‍ദേശം.
വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. ഇത്തരം അലങ്കാരപ്പണികള്‍ സ്വകാര്യ ബസുകളുടെ കണ്ണാടികളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ വിധിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തിയത്.
കാഴ്ച മറയ്ക്കരുത്
ബസുകള്‍ അടക്കമുള്ള ഭാരവാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ഒരു മീറ്റര്‍ ബ്ലാക്ക് സ്‌പോട്ടാണ്. ഗ്ലാസില്‍ സ്റ്റിക്കറും മറ്റുള്ള അലങ്കാരപ്പണികളും ഉണ്ടാകുമ്പോള്‍ ഇത് രണ്ടു മീറ്റര്‍ വരെയാകും. രണ്ടു മീറ്റര്‍ ദൂരം ഡ്രൈവറുടെ കാഴ്ചയില്‍നിന്ന് മറയുന്നത് അപകടം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. ടോജോ എം.തോമസ് പറഞ്ഞു.
Content Highlights: Motor Vehicle Department Taking Action Against Private Bus To Sticker In Windshield