രൂക്ഷ ശബ്ദത്തില്‍ എയര്‍ ഹോണുകള്‍ മുഴക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. സ്വകാര്യ ബസുകളുടെ എയര്‍ ഹോണ്‍ ശല്യത്തെപ്പറ്റി പരാതി വ്യാപകമായതോടെയാണ് നടപടിക്ക് നിര്‍ദേശം നല്‍കിയത്. എല്ലാ ആര്‍.ടി.ഒ., എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ.മാര്‍ക്കുമാണ് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡി.ടി.ഒ. ഗതാഗത വകുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 

സ്വകാര്യ ബസുകളുടെ രജിസ്ട്രേഷന്‍ നമ്പറടക്കം വെച്ചാണ് പരാതി നല്‍കിയത്. കോഴിക്കോട്-പാലക്കാട് ദേശീയപാതയിലൂടെ പോകുന്ന ബസുകളുടെ വിവരം വെച്ചായിരുന്നു പരാതി. എയര്‍ ഹോണ്‍ വെച്ച് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും ആരോഗ്യ-മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ഇതിനെതിരേ പല തവണ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് കാണിച്ചാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്ക് ഡി.ടി.ഒ. പരാതി നല്‍കിയത്.

കോവിഡിനു ശേഷം എയര്‍ ഹോണ്‍ ഉപയോഗം കൂടിയെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മുമ്പ് ബസുകളിലും ലോറികളിലും മാത്രമുണ്ടായിരുന്ന എയര്‍ ഹോണുകള്‍ ലോക്ഡൗണിനെ തുടര്‍ന്ന് കാറുകളിലേക്കും വ്യാപിച്ചെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കേരളത്തിനു പുറത്തുനിന്നെത്തുന്ന ലോറികളിലും വലിയ തോതില്‍ എയര്‍ഹോണുകള്‍ ഉപയോഗിക്കുന്നുണ്ട്. 

അന്തസ്സംസ്ഥാന സര്‍വീസ് നടത്തുന്ന ലോറികളില്‍ എയര്‍ഹോണ്‍ ഉപയോഗം കുറയുന്നില്ലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. നിലവില്‍ എയര്‍ഹോണ്‍ പിടികൂടിയാല്‍ രണ്ടായിരം രൂപ പിഴ അടപ്പിക്കുകയും എയര്‍ഹോണ്‍ അഴിച്ചുമാറ്റിക്കുകയും ചെയ്താണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം വിട്ടുനല്‍കുന്നത്.

സ്പെഷ്യല്‍ ഡ്രൈവ് തുടങ്ങും

എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. വിഭാഗം നിലവില്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനോടൊപ്പം ആര്‍.ടി.ഒ. വിഭാഗവും സ്‌പെഷ്യല്‍ ഡ്രൈവുമായി അടുത്ത ദിവസം തന്നെ രംഗത്തിറങ്ങും. രാത്രി പരിശോധന അടക്കം നടത്താനാണ് തീരുമാനം.

പി.എം. ഷെഷീര്‍, എറണാകുളം ആര്‍.ടി.ഒ.

Content Highlights: Motor Vehicle Department Taking Action Against Air Horn