രുചക്രവാഹനങ്ങളില്‍ പുകക്കുഴല്‍ അടക്കം അനധികൃതമായി രൂപമാറ്റം വരുത്തി ഓടിക്കുന്നവര്‍ക്കെതിരേ പാലക്കാട് ജില്ലാ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം നടപടി കര്‍ശനമാക്കി. ബുധനാഴ്ച പെരിന്തല്‍മണ്ണയിലെ എന്‍ഫോഴ്സ്മെന്റ് വിഭാഗം നടത്തിയ പരിശോധനയില്‍ വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. 

അനധികൃത രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്ക് അയ്യായിരം രൂപ വീതം പിഴ ഈടാക്കി. രൂപമാറ്റം വരുത്തിയുള്ള വാഹനങ്ങള്‍ക്കെതിരേ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. നിര്‍മാതാക്കള്‍ ഘടിപ്പിച്ചിട്ടുള്ള പുകക്കുഴലുകള്‍ മാറ്റി നിലവാരം കുറഞ്ഞവയാണ് ഘടിപ്പിക്കുന്നത്. ഇത് കാതടപ്പിക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നതും പൊതുജനത്തിന് ശല്യമായി മാറുകയും ചെയ്യുന്നു. 

വാഹനത്തിരക്കുള്ളയിടങ്ങളില്‍ വലിയശബ്ദത്തോടെ ഇത്തരം വാഹനങ്ങള്‍ ഓടിക്കുന്നത് പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമടക്കം ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട്. ബുള്ളറ്റ് വിഭാഗത്തിലുള്ളവയിലാണ് കൂടുതലും ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതെന്ന് വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

അധികമായി ഘടിപ്പിക്കുന്ന ലൈറ്റുകളും മറ്റ് ഡ്രൈവര്‍മാരുടെ കാഴ്ചയെ ബാധിക്കുന്നുണ്ട്. ചക്രത്തിന്റെ ഭംഗി പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ മഡ്ഗാര്‍ഡ് ഒഴിവാക്കുന്നത് പിന്നില്‍ വരുന്ന വാഹനങ്ങള്‍ക്കും ആളുകള്‍ക്കും മുകളിലേക്ക് ചെളിയും വെള്ളവും തെറിപ്പിക്കുന്നതും പ്രയാസമുണ്ടാക്കുന്നു. 

ഇത്തരം രൂപമാറ്റങ്ങള്‍ വരുത്തിയ വാഹനങ്ങള്‍ക്കെതിരേ തുടര്‍പരിശോധനയുണ്ടാകുമെന്ന് വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം അറിയിച്ചു. മലപ്പുറം എന്‍ഫോഴ്സ്മെന്റ് വിഭാഗം ഉദ്യോഗസ്ഥരായ എം.വി.ഐ. ശരത് സേനന്‍, മുഹമ്മദ് ലബീബ്, സയ്യിദ് മഹമൂദ് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്.

Content Highlights: Motor Vehicle Department Take Strict Action Against Modified Bikes