സാമൂഹികമാധ്യമങ്ങളില്‍ വൈറലായ വനിതാ മോഡലിന്റെ ബൈക്ക് യാത്രയ്ക്ക് പിഴയിട്ടതിന് പിന്നാലെ സുഹൃത്തുക്കള്‍ക്കും മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ ശിക്ഷ.

ലൈസന്‍സും ഹെല്‍മെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് ഉമയനല്ലൂര്‍ സ്വദേശി ഇഷ (21) കന്റോണ്‍മെന്റ് സ്വദേശി സൈജു, ബൈക്കുടമകളായ തൃക്കോവില്‍വട്ടം സ്വദേശി സുധീര്‍ (21) പട്ടത്താനം സ്വദേശി ലത എന്നിവര്‍ക്കെതിരേയും കേസെടുത്തതായി ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ്‌ ആര്‍.ടി.ഒ. ഡി.മഹേഷ് പറഞ്ഞു. നാലുപേര്‍ക്കുംകൂടി 20,500 രൂപയാണ് പിഴയിട്ടിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഇതേ കേസിന് പിടിയിലായ തട്ടാര്‍കോണം സ്വദേശിനിയും മോഡലുമായ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാണിവരും. വീഡിയോ ചിത്രീകരണവും സാമൂഹികമാധ്യമങ്ങളിലെ പ്രചാരണവുമാണ് ഇവര്‍ക്കും വിനയായത്. ചിത്രീകരണത്തില്‍ അപകടകരമായി ബൈക്ക് അഭ്യാസം നടത്തിയ തിരുവനന്തപുരം സ്വദേശിയെയും മോട്ടോര്‍വാഹന വകുപ്പ് തിരയുന്നുണ്ട്. 

ന്യൂജെന്‍ ബൈക്കില്‍ പറന്നുപോകുന്ന യുവാവിനെ പെണ്‍കുട്ടികള്‍ പിന്തുടരുന്നതും യുവാവിനെ തടഞ്ഞുനിര്‍ത്തി ബൈക്ക് വാങ്ങി ഓടിക്കുന്നതുമാണ് ഒരു വീഡിയോയിലുള്ളത്. ഇതിലും, മുന്‍പ് പിടിയിലായ മോഡല്‍തന്നെയാണ് ബൈക്ക് ഓടിക്കുന്നത്. പോലീസ് പിടിച്ചാല്‍ ഹെല്‍മെറ്റില്ലാത്തതിന് 500 രൂപ പിഴയൊടുക്കാന്‍ താന്‍ തയ്യാറാണെന്നു പെണ്‍കുട്ടി പറയുന്നതും ഇതിനൊപ്പമുണ്ട്.

മുമ്പ് ഇവര്‍ക്കെതിരേ കേസ് എടുത്തിട്ടുള്ളതിനാല്‍ പുതിയ കേസില്‍നിന്ന് മോഡലിനെ ഒഴിവാക്കി. കടല്‍ത്തീരത്തുകൂടി ബൈക്ക് ഓടിക്കുന്ന പെണ്‍കുട്ടിക്കുമുന്നില്‍ ബൈക്ക് അഭ്യാസി കടന്നുപോകുന്നതാണ് രണ്ടാമത്തെ വീഡിയോ. സേഫ് കേരള എന്‍ഫോഴ്‌സ്‌മെന്റ്‌ വിങ്ങിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ സുമോദ്, ബിനു ജോര്‍ജ്, എ.എം.വി.ഐ. ഷമീര്‍ എന്നിവരാണ് വീഡിയോയിലുണ്ടായിരുന്നവരെ കണ്ടെത്തിയത്.

കൊല്ലത്ത് കടല്‍ത്തീരം കേന്ദ്രീകരിച്ചാണ് ഇത്തരത്തില്‍ ബൈക്ക് ഓടിക്കലും ചിത്രീകരണവും നടക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വനിതാ മോഡലിന് പിഴയിട്ടെങ്കിലും ഇതുവരെ അടച്ചിട്ടില്ല. കൂടാതെ സംഭവത്തില്‍ മോട്ടോര്‍വാഹന വകുപ്പിനെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുംവിധം പ്രചാരണം നടത്തിയെന്നാരോപിച്ച് ചിലര്‍ പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

Content Highlights: Motor Vehicle Department Take Action On Bike Stunting On Road