താഗതനിയമങ്ങള്‍ പാലിക്കാതെ അലക്ഷ്യമായി ഓടുന്ന സ്വകാര്യബസുകള്‍ക്കും ജീവനക്കാര്‍ക്കുമെതിരേ കര്‍ശനനടപടിയുമായി മോട്ടോര്‍വാഹന വകുപ്പ്. തിങ്കളാഴ്ച കോട്ടയം തിരുനക്കര ബസ്സ്റ്റാന്‍ഡില്‍ ബസ് കയറി വീട്ടമ്മ മരിച്ച പശ്ചാത്തലത്തിലാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി.

തിരുനക്കര സ്റ്റാന്‍ഡിനു പ്രത്യേകശ്രദ്ധ നല്‍കിക്കൊണ്ടുള്ള നടപടികളാണ് മോട്ടോര്‍വാഹന വകുപ്പു സ്വീകരിച്ചിരിക്കുന്നത്. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം മോട്ടോര്‍വാഹന വകുപ്പിന്റെ ഷാഡോ പരിശോധനയും ഉണ്ടാകും. 

എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയെന്ന് ജോയിന്റ് ആര്‍.ടി.ഒ. റോയി തോമസ് പറഞ്ഞു. രണ്ടു വാഹനം നഗരത്തിലെ പരിശോധനകള്‍ക്കു നല്‍കിയിട്ടുണ്ടെന്ന് എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. വി.എം.ചാക്കോ പറഞ്ഞു.

ജില്ലയിലെ മുഴുവന്‍ ബസ്സ്റ്റാന്‍ഡുകളിലും ഷാഡോ സേനയുടെ സാന്നിധ്യമുണ്ടാകും. കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ഉടനടി നടപടിക്കാണ് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച വിവിധ സ്ഥലങ്ങളില്‍ പരിശോധന നടന്നിരുന്നു.

ഇതിനൊപ്പം, പ്രധാന റൂട്ടുകളിലെല്ലാം സേനയുടെ പരിശോധന ഊര്‍ജിതമാക്കും. ചെറിയ സ്റ്റോപ്പുകളില്‍ നിര്‍ത്താതെ പോകുന്നുവെന്ന പരാതിക്കു പരിഹാരമുണ്ടാക്കുകയാണു ലക്ഷ്യം. കെ.കെ.റോഡിലാണ് ഇതുസംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതി ഉയര്‍ന്നുവരുന്നതെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.

അപകടങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ബസുടമകള്‍ക്കും ബോധവത്കരണം നല്‍കുന്നതിനെക്കുറിച്ച് മോട്ടോര്‍വാഹന വകുപ്പ് ആലോചിക്കുന്നുണ്ട്. ഭൂരിഭാഗം അപകടങ്ങള്‍ക്കും ഉടമ ഉത്തരവാദിയല്ലെങ്കിലും, ഇവരെ ബോധവത്കരിക്കുന്നത് ഒരുപരിധിവരെ ഗുണകരമാകുമെന്നാണു വിലയിരുത്തല്‍.

Content Highlights; Motor Vehicle Department Take Action Against Private Bus