ബുള്ളറ്റ് ഉള്‍പ്പെടെയുള്ള മോട്ടോര്‍സൈക്കിളുകളുടെ ശബ്ദംകൂട്ടാന്‍ പുകക്കുഴലില്‍ മാറ്റംവരുത്തിയ ഒമ്പത് കോളേജ് വിദ്യാര്‍ഥികളെ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പിടികൂടി. എറണാകുളത്താണ് അമിത ശബ്ദത്തിലുള്ള ബുള്ളറ്റുകള്‍ പിടികൂടിയത്.
ഇതേതുടര്‍ന്ന് പിഴ ചുമത്തുകയും ഒരാഴ്ചയ്ക്കുള്ളില്‍ സൈലന്‍സറുകള്‍ ശരിയായ രീതിയിലാക്കി ആര്.ടി. ഓഫീസില്‍ വാഹനം ഹാജരാക്കാനും പിടിയിലായവരോട് മോട്ടോര്‍ വാഹനവകുപ്പ് നിര്‍ദേശം നല്കി.
നഗരത്തിലെ കോളേജുകള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. മോട്ടോര്‍ വാഹന നിയമത്തിന്റെയും ഹൈക്കോടതി ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ രജിസ്ട്രേഷന് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനും വ്യവസ്ഥയുണ്ട്.
മലിനീകരണനിയന്ത്രണം സംബന്ധിച്ച 'ഭാരത് സ്റ്റേജ്-4' ചട്ടങ്ങളുടെ ലംഘനമാണ് പുകക്കുഴലിലെ മിക്ക മാറ്റങ്ങളും. ശബ്ദംകൂട്ടാനായി പുകക്കുഴലിലെ 'കാറ്റലറ്റിക് കണ്‍വര്‍ട്ടര്‍' അഴിച്ചുമാറ്റുന്നത് ഗുരുതരമായ മലിനീകരണമാണുണ്ടാക്കുന്നത്. വാഹനങ്ങളുടെ പുകക്കുഴല്വഴി പുറംതള്ളുന്ന വിഷവാതകങ്ങളുടെ വീര്യംകുറയ്ക്കുന്ന ഉപകരണമാണ് കാറ്റലിറ്റിക് കണ്‍വര്‍ട്ടര്‍.
ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുക മാത്രമാണ് ശബ്ദംകൂട്ടുക വഴി പലരുടെയും ആവശ്യം. എന്നാല്‍, ഇവ ശബ്ദ-വായു മലിനീകരണത്തിന് കാരണമാകുന്നുണ്ട്. സാധാരണഗതിയില്‍ 92 ഡെസിബല്‍വരെ ശബ്ദമേ ബൈക്കുകള്‍ക്കും ബുള്ളറ്റുകള്‍ക്കും പാടുള്ളൂ. എന്നാല്‍, ഇത്തരം ബുള്ളറ്റുകള്‍ അതിന്റെ പത്തിരട്ടി ശബ്ദം ഉണ്ടാക്കുന്നു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എല്‍ദോ വര്‍ഗീസ്, അസി. വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ കെ.എക്സ്. നിബി, പി.ജെ. അനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Content Highlights: Motor Vehicle Depatment Take Action Against Modified Bikes
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..