മൂഹമാധ്യമങ്ങളിലും മറ്റും വൈറലായ ഫ്രീക്കന്‍ വണ്ടിയുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമങ്ങള്‍ ലംഘിച്ച് വാഹനം മോടി പിടിപ്പിച്ചതിനാണ് രജിസ്‌ട്രേഷന്‍ റദ്ദാക്കിയതെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇസുസുവിന്റെ ഡി-മാക്‌സ് വി-ക്രോസ് വാഹനമാണ് മോടി പിടിപ്പിച്ചിരിക്കുന്നത്. 

അനധികൃതമായി രൂപമാറ്റം വരുത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചാരത്തിലായ KL 17 R 80  എന്ന നമ്പറിലുള്ള വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് ഫെയ്‌സ്ബുക്കില്‍ അറിയിച്ചു. മോട്ടോര്‍ വാഹന നിയമം സെക്ഷന്‍ 53(1) പ്രകാരം മൂവാറ്റുപുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഒഫീസറാണ് നടപടി എടുത്തത്.

വാഹനത്തില്‍ വരുത്തിയിട്ടുള്ള മോഡിഫിക്കേഷനുകള്‍ ഒഴിവാക്കി വാഹനം ഹാജരാക്കുന്നത് വരേയൊ അല്ലെങ്കില്‍ ആറ് മാസത്തേക്കോ ആയിരിക്കും സസ്‌പെന്‍ഷന്‍ എന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്. ഈ കാലയളവില്‍ ഈ വാഹനം പൊതുനിരത്തില്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും മുന്നറിയിപ്പ് നല്‍കിയിട്ടിണ്ട്.

നിലവില്‍ അനുവദിച്ചിരിക്കുന്ന ആറ് മാസത്തിനുള്ളില്‍ അനധികൃതമായ മാറ്റങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്നും വകുപ്പിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അറിയിച്ചിട്ടുണ്ട്. വാഹനത്തില്‍ രൂപമാറ്റം വരുത്തിയതിന് മുമ്പ് ഈ വാഹനത്തിന് എംവിടി 48,000 രൂപ പിഴ ചുമത്തിയിരുന്നു. 

രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരേ മോട്ടോര്‍ വാഹന വകുപ്പ് പരക്കെ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. രൂപമാറ്റം വരുത്തുന്നത് വാഹനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നും ഇത് അപകടങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വിലയിരുത്തലുകള്‍. വാഹനങ്ങളില്‍ അനധികൃതമായി രൂപമാറ്റം വരുത്തുന്നത് സുപ്രീം കോടതിയും നിരോധിച്ചിട്ടുണ്ട്.

Content Highlights: Motor Vehicle Department Suspended Heavily Modified vehicle Registration For Six Months