കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചതോടെ അപേക്ഷകര്‍ക്ക് വീണ്ടും കാത്തിരിപ്പ്. ലേണേഴ്‌സ് പരീക്ഷ പാസായി ലൈസന്‍സിന് അപേക്ഷിച്ചവര്‍ക്കാണ് കോവിഡ് വീണ്ടും തടസ്സമായത്. ഇതോടെ ലൈസന്‍സ് എന്ന് കിട്ടുമെന്നറിയാതെ വിഷമിക്കുകയാണ് അപേക്ഷകര്‍.

കഴിഞ്ഞവര്‍ഷവും ലോക്ഡൗണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് ഡ്രൈവിങ് ടെസ്റ്റുകള്‍ നിര്‍ത്തിവെച്ചിരുന്നു. പിന്നീട് ഇളവുകള്‍ വന്നതോടെയാണ് ടെസ്റ്റ് പുനരാരംഭിച്ചത്. കോവിഡ് കാലത്ത് സ്വകാര്യവാഹനങ്ങളുടെ എണ്ണം പെരുകിയതോടെ അപേക്ഷകരുടെ എണ്ണവും വര്‍ധിച്ചിരുന്നു. 

തിരക്ക് ഒഴിവാക്കിക്കൊണ്ട് ആഴ്ചയില്‍ അഞ്ചുദിവസം നിശ്ചിത എണ്ണം അപേക്ഷകര്‍ക്കുമാത്രമായാണ് ടെസ്റ്റ് പുനരാരംഭിച്ചത്. ഒരുദിവസം പരമാവധി 90 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയിരുന്നത്. പക്ഷേ, കോവിഡ് രണ്ടാം തരംഗമെത്തിയതോടെ 15 ദിവസംമുമ്പ് ഇതും നിര്‍ത്തി. ഇതോടെയാണ് അപേക്ഷകര്‍ വീണ്ടും വെട്ടിലായത്.

മോട്ടോര്‍വാഹന വകുപ്പിന്റെ 'സാരഥി' വെബ്സൈറ്റില്‍ ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍മാത്രമാണ് ടെസ്റ്റിന് ഹാജരാകാന്‍ കഴിയുക. കഴിഞ്ഞവര്‍ഷത്തെ അപേക്ഷകരുടെ എണ്ണക്കൂടുതല്‍മൂലം പക്ഷേ, കുറച്ചുപേര്‍ക്കുമാത്രമേ ഓണ്‍ലൈനായി ബുക്ക് ചെയ്ത് ലൈസന്‍സ് ലഭിച്ചിട്ടുള്ളൂ. ഭൂരിഭാഗംപേര്‍ക്കും ഇനിയും ബുക്ക് ചെയ്ത് തീയതി കണ്ടെത്താന്‍പോലും കഴിഞ്ഞിട്ടില്ല. 

ആറുമാസത്തിലധികമായിട്ടും ടെസ്റ്റ് നടത്താന്‍ കഴിയാത്തതിനാല്‍ പലരുടെയും ലേണേഴ്‌സിന്റെ കാലാവധി അവസാനിച്ചു. ഇവര്‍ വീണ്ടും രേഖകള്‍ ഹാജരാക്കി ലേണേഴ്‌സ് പുതുക്കിയശേഷം ടെസ്റ്റിനായി കാത്തിരിക്കുകയാണ്. എന്നാല്‍ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചാലും നിലവില്‍ ബുക്കിങ് സ്ലോട്ട് കിട്ടിയവര്‍ക്കായിരിക്കും പ്രഥമ പരിഗണന. 

ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ടെസ്റ്റ് തുടങ്ങിയാലും വീണ്ടും ഒരു മാസത്തിലധികം കാത്തിരിക്കേണ്ടിവന്നേക്കാം. ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ നിര്‍ദേശം വരണമെന്ന് പാലക്കാട് ആര്‍.ടി.ഒ. പി. ശിവകുമാര്‍ പറഞ്ഞു. കോവിഡ് സാഹചര്യങ്ങള്‍ മാറിയാല്‍ 31-നുശേഷം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Motor vehicle Department Stop Driving Licence Test Due To Covid Second Wave