മോട്ടോര്‍വാഹനവകുപ്പിന്റെ ഹരിത ബോധവത്കരണ പദ്ധതി സംസ്ഥാനത്ത് ആരംഭിച്ചു. കേരളത്തിലെ അന്തരീക്ഷവായുനിലവാരം ഉയര്‍ത്താന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ സംസ്ഥാനസര്‍ക്കാരിന് നല്‍കിയ നിര്‍ദേശപ്രകാരമാണ് നടപടി.

ഉയര്‍ന്നതോതില്‍ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരേ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് ട്രൈബ്യൂണല്‍ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഓപ്പറേഷന്‍ ഹരിത ബോധവത്കരണം എന്നപേരിലാണ് മോട്ടോര്‍വാഹനവകുപ്പ് ഏപ്രില്‍ മുപ്പതുവരെ തുടരുന്ന കര്‍ശനപരിശോധന ആരംഭിച്ചത്.

മേയ് മുതല്‍ എല്ലാ രണ്ടാമത്തെ ആഴ്ചകളിലും ഈ പരിശോധന സംസ്ഥാനത്ത് തുടരും. എല്ലാ വാഹനങ്ങളിലും, സര്‍ക്കാര്‍ അംഗീകരിച്ച കേന്ദ്രങ്ങളില്‍ പരിശോധിച്ച പുകസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഉണ്ടാകണമെന്നാണ് മോട്ടോര്‍വാഹന വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. 

മോട്ടോര്‍വാഹനചട്ടം ലംഘിക്കപ്പെട്ടാല്‍ ആദ്യതവണ 2000 രൂപ പിഴയോ മൂന്നുമാസം തടവോ ഇത് രണ്ടുംകൂടിയോ ശിക്ഷിക്കാം. ഇതിനൊപ്പം മൂന്നുമാസംവരെ ലൈസന്‍സിന് അയോഗ്യതയും വരാം. കുറ്റം ആവര്‍ത്തിച്ചാല്‍ പതിനായിരം രൂപ പിഴയോ ആറ് മാസം തടവോ രണ്ടുംകൂടിയോ ലഭിക്കാം.

Content Highlights: Motor Vehicle Department Starts Vehicle Pollution Certificate Checking