ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ ട്രാക്ക് ചെയ്യാന്‍ മോട്ടോര്‍വാഹനവകുപ്പ് കണ്‍ട്രോള്‍ റൂമുകളും തുടങ്ങുന്നു. 14 ജില്ലകളിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസുകള്‍ കേന്ദ്രീകരിച്ചാണിത്. ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ പെട്ടെന്ന് ഇടപെട്ട് രക്ഷാപ്രവര്‍ത്തനം നടത്താനുള്‍പ്പെടെ വഴിയൊരുങ്ങും.

കണ്‍ട്രോള്‍റൂമുകള്‍ സജ്ജമാക്കുന്നതുള്‍പ്പെടെ ജി.പി.എസ്സുമായി ബന്ധപ്പെട്ട രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ഭയ പദ്ധതിയിലുള്‍പ്പെടുത്തി മോട്ടോര്‍വാഹനവകുപ്പിന് 5.67 കോടി അനുവദിച്ചിട്ടുണ്ട്. കണ്‍ട്രോള്‍റൂമിന് പുറമേ കൂടുതല്‍ വാഹനങ്ങളെ ജി.പി.എസ്. ട്രാക്കിങ്ങില്‍ ഉള്‍പ്പെടുത്താവുന്ന സോഫ്റ്റ്‌വെയറും സജ്ജമാക്കുന്നുണ്ടെന്ന് ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ രാജീവ് പുത്തലത്ത് പറഞ്ഞു.

ഇരുചക്രവാഹനങ്ങള്‍, ഇ-റിക്ഷകള്‍, മൂന്നുചക്ര വാഹനങ്ങള്‍, പെര്‍മിറ്റ് ആവശ്യമില്ലാത്ത വാഹനങ്ങള്‍ എന്നിവയൊഴികെ എല്ലാ വാഹനങ്ങള്‍ക്കും ജി.പി.എസ്. നിര്‍ബന്ധമാക്കിയിരുന്നു.

പഴയവാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനക്കെത്തുമ്പോള്‍ ജി.പി.എസ്. ഘടിപ്പിക്കാത്തവര്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടെന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം. എന്നാല്‍, ഈ വാഹനങ്ങളിലെ ജി.പി.എസ്. ട്രാക്ക് ചെയ്യാന്‍ തിരുവനന്തപുരത്തുള്ള സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം മാത്രാണുള്ളത്. ഇത് പരിഹരിക്കുന്നതിനായാണ് എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം തുടങ്ങുന്നത്.

പോലീസിനെയും ഉള്‍പ്പെടുത്തും

'ജി.പി.എസ്. കണ്‍ട്രോള്‍ റൂമുകളാകുന്നതോടെ പോലീസിനെയും ദുരന്തനിവാരണ വിഭാഗത്തെയും സംവിധാനത്തില്‍ ഉള്‍പ്പെടുത്തും. ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമ്പോള്‍ പെട്ടെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനായാണ് ഈ വകുപ്പുകളെയും ഉള്‍പ്പെടുത്തുന്നത്. ഇതിനായി പ്രത്യേക എമര്‍ജന്‍സി നമ്പറുമുണ്ടാകും'

മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍

Content Highlights: Motor Vehicle Department Starts GPS Tracking Control Rooms In 14 Districts