ഫിറ്റ്നസ് സർട്ടിഫിക്കറ്റില്ലാതെ കുട്ടികളെ സ്കൂളിലെത്തിച്ചിരുന്ന ബസ് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്തപ്പോൾ.
ഹരിപ്പാട്: രണ്ടു വര്‍ഷമായി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ലാതെ ഓടുന്ന മിനിബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. സ്കൂളിലേക്ക് കുട്ടികളുമായുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഈ ബസിലുണ്ടായിരുന്ന 25 കുട്ടികളെയും മറ്റൊരു ബസില്‍ സ്കൂളിലെത്തിച്ചു. കാര്‍ത്തികപ്പള്ളി ഹോളി ട്രിനിറ്റി സ്കൂളില്‍ കുട്ടികളെ എത്തിച്ചുവന്നിരുന്ന തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് നൈസാമിന്റെ മിനിബസാണു പിടിച്ചെടുത്തത്.
ഡാണാപ്പടിയില്നിന്ന് കാര്‍ത്തികപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച രാവിലെ ഏഴരയോടെ കായംകുളം ജോ.ആര്.ടി.ഒ. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. ബിജുവാണ് നടപടി സ്വീകരിച്ചത്. രണ്ടു വര്‍ഷമായി ഈ ബസ് മോട്ടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ടാക്സും ഇന്‍ഷുറന്‍സും അടച്ചിട്ടുമില്ല.
നിയമലംഘനത്തിന് 11,000 രൂപ പിഴ ഈടാക്കി. ബസ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇന്‍ഷുറന്‍സും ടാക്സും അടയ്ക്കുകയും നിയമപരമായി ഫിറ്റ്നസ് പരിശോധനയ്ക്കു വിധേയമാക്കുകയും ചെയ്താല്‍ മാത്രമേ ബസ് വിട്ടുകൊടുക്കുകയുള്ളൂവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറഞ്ഞു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് പരിശോധിച്ചത്. ഇതേ രീതിയില്‍ നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന കൂടുതല്‍ വാഹനങ്ങളുണ്ടെന്നാണ് മോട്ടോര്‍വാഹന വകുപ്പിന് വിവരം ലഭിച്ചിരിക്കുന്നത്. പരിശോധന തുടരുമെന്നും കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്ന വാഹനങ്ങള്‍ക്കു ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള രേഖകളുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ പറയുന്നു.
Content Highlights: Motor vehicle department seized minivan without fitness last two years, mvd kerala, minibus
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..