തിരുവനന്തപുരം: തുടര്‍ച്ചയായി നിയമം ലംഘിച്ച് സമാന്തര സര്‍വീസ് നടത്തിയിരുന്ന സ്വകാര്യ ബസ് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഏഴുതവണ പിടികൂടി പിഴ ചുമത്തിയിട്ടും വീണ്ടും ഓടിയതിനെത്തുടര്‍ന്നാണ് കേയ്റോസ് എന്ന കമ്പനിയുടെ ബസ് കഴക്കൂട്ടത്തുനിന്ന് കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരം- കട്ടപ്പന പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ക്കൊപ്പമാണ് ഈ സ്വകാര്യ ബസ് ഓടിയിരുന്നത്.

അന്തര്‍സംസ്ഥാന പാതകളില്‍ യാത്രാക്ലേശം ഉണ്ടെങ്കിലും സംസ്ഥാനത്തിനുള്ളില്‍ ആവശ്യത്തിലധികം കെ.എസ്.ആര്‍.ടി.സി. ബസുകളുണ്ട്. ഇവയ്ക്ക് നഷ്ടമുണ്ടാക്കിക്കൊണ്ടാണ് സ്വകാര്യ ബസ് ഓടിയിരുന്നത്. ചൊവ്വാഴ്ച രാവിലെ കഴക്കൂട്ടം ഇന്‍ഫോസിസിനു സമീപം യാത്രക്കാരെ ഇറക്കുമ്പോഴാണ് കേയ്റോസിന്റെ ബസ് പരിശോധിച്ചത്. 30 യാത്രക്കാരുണ്ടായിരുന്നു. പി.എം.ജി., പട്ടം, കോസ്മോ, സ്റ്റാച്യു, അരിസ്റ്റോ എന്നിവിടങ്ങളില്‍ ഇറങ്ങാന്‍ ബസില്‍ യാത്രക്കാരുണ്ടായിരുന്നു. ഇവരെല്ലാം പ്രത്യേകം ടിക്കറ്റ് നല്‍കി ബസില്‍ കയറിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യാത്രക്കാരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് എടുത്തത്. ബസ് തമ്പാനൂര്‍ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലേക്കു മാറ്റി.

കെ.എസ്.ആര്‍.ടി.സി.യുടെ പരാതിപ്രകാരം കസ്റ്റഡിയിലെടുക്കുന്ന ബസുകള്‍ ഡിപ്പോകളില്‍ സൂക്ഷിക്കാം. തുടര്‍ച്ചയായി നിയമലംഘനം നടത്തിയ വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കോടതിയില്‍ ഹാജരാക്കാം. എസ്.ആര്‍.എസ്. കമ്പനിയുടെ ബസ് ഈ രീതിയില്‍ കോടതില്‍ ഹാജരാക്കിയിരുന്നു. ബസ് വിട്ടുകൊടുക്കാന്‍ കര്‍ശനവ്യവസ്ഥകളാണ് കോടതി ഏര്‍പ്പെടുത്തിയത്.

സംസ്ഥാനത്തിനുള്ളില്‍ അനധികൃതമായി ഓടുന്ന സ്വകാര്യ ബസുകള്‍ പൂര്‍ണമായും നിര്‍ത്തണമെന്നതാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം. തിരുവനന്തപുരത്തുനിന്നുമാത്രം സംസ്ഥാനത്തിനുള്ളില്‍ പെര്‍മിറ്റില്ലാതെ 50 ബസുകള്‍ ദിവസവും ഓടുന്നുണ്ട്. 

Content Highlights; Private bus traffic rule violation, Kyros bus, Motor vehicle department