കാക്കനാട്: റോഡില്‍ മരണപ്പാച്ചില്‍ നടത്തുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഇനി 24 മണിക്കൂറും നിരത്തുകളിലുണ്ടാകും. വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലേക്ക് പുതുതായി നാല് സ്‌ക്വാഡുകള്‍ കൂടി അനുവദിച്ചു. 

റോഡുകളിലെ ട്രാഫിക് നിയമ ലംഘനം തടയാനും റോഡപകടങ്ങള്‍ കുറച്ച് സുരക്ഷ ഉറപ്പാക്കാനുമായി ആവിഷ്‌കരിച്ച 'സേഫ് കേരള' പദ്ധതിയുടെ ഭാഗമായാണ് നടപടി. ഇവരുടെ ആദ്യപരിശോധന വ്യാഴാഴ്ച തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. മനോജ്കുമാര്‍ പറഞ്ഞു.

നിലവില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നാല് സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് കൂടാതെയാണ്, അഞ്ച് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും 14 അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും അടങ്ങുന്ന നാല് പുതിയ സ്‌ക്വാഡുകള്‍. 

പ്രധാന റോഡുകള്‍ മാത്രമല്ല, ഇടറോഡുകളിലും പരിശോധനയുണ്ടാകും. ഇരുചക്ര വാഹനങ്ങളുടെ നിയമലംഘനങ്ങള്‍ കണ്ടെത്തുകയാണ് ആദ്യലക്ഷ്യം. ഇതിന്റെ ഭാഗമായി ആധുനിക സംവിധാനങ്ങളും ഇവര്‍ ഉപയോഗിക്കും. 

രണ്ടാം ഘട്ടത്തില്‍ ഇന്റര്‍സെപ്റ്റര്‍ അടക്കമുള്ള സംവിധാനങ്ങളും ഉപയോഗപ്പെടുത്തും. അപകടമരണ നിരക്കുകള്‍ പരമാവധി കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും ധരിക്കാതിരിക്കുക, അപകടകരമായും അമിത വേഗത്തിലും വാഹനം ഓടിക്കുക, ഇരുചക്ര വാഹനങ്ങളില്‍ മൂന്നുപേര്‍ യാത്ര ചെയ്യുക, ഇന്‍ഷുറന്‍സ് ഇല്ലാതെ വാഹനം ഓടിക്കുക, വാഹനങ്ങളുടെ രൂപമാറ്റം വരുത്തുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് പിടിവീഴും.

Content Highlights: Motor Vehicle Department Safe Squad