കോവിഡ് പശ്ചാത്തലത്തില്‍, ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി. ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പ് ലേണേഴ്‌സ് എടുത്തവര്‍ക്കും ഒരിക്കല്‍ ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടവര്‍ക്കുമാണ് ഒക്ടോബര്‍ 16 വെരെ ടെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം. മറ്റുള്ളവര്‍ക്ക് അതിനുശേഷമേ അവസരമുള്ളൂ.

കോവിഡിന് മുമ്പ് ഓരോ ഓഫീസിലും നടത്തിയിരുന്ന ടെസ്റ്റുകളുടെ 50 ശതമാനം ടെസ്റ്റുകള്‍ മാത്രമേ ഇനി പറ്റൂ. ഡ്രൈവിങ് സ്‌കൂളുകള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജോയിന്റ് ആര്‍.ടി.ഒ.മാരും മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുമാണ്. 

ടെസ്റ്റ് ഗ്രൗണ്ടില്‍ സാമൂഹിക അകലമുള്‍പ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ടെസ്റ്റ് ഗ്രൗണ്ടുകള്‍ ആര്‍.ടി.ഒ.മാര്‍ നേരിട്ട് പരിശാധിക്കണം. നിര്‍ദേശങ്ങള്‍ പാലിക്കാത്ത മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരെ ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ ആര്‍.ടി.ഒ.ക്ക് അധികാരമുണ്ട്.

മറ്റ് പ്രധാന നിര്‍ദേശങ്ങള്‍:-

 • കണ്‍ടെയിന്‍മെന്റ് സോണ്‍, മറ്റ് നിരോധിത മേഖലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരെ പരിശീലനത്തിലും ടെസ്റ്റിലും പങ്കെടുപ്പിക്കില്ല.
   
 • ചുമ, പനി, മറ്റ് ലക്ഷണങ്ങളുള്ളവര്‍, വീട്ടില്‍ ക്വാറന്റയിനില്‍ അംഗങ്ങളുള്ളവര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ രാജ്യങ്ങളില്‍ നിന്നോ എത്തി 14 ദിവസം കഴിയാത്തവര്‍, 65 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ എന്നിവര്‍ക്കും ടെസ്റ്റില്‍ പങ്കെടുക്കാനാവില്ല.
   
 • റോഡ് ടെസ്റ്റിന് വരുന്നവര്‍ കൈയില്‍ സാനിറ്റൈസര്‍ കരുതണം. ഗ്ലൗസും മാസ്‌കും ധരിക്കണം.
   
 • റോഡ് ടെസ്റ്റില്‍ ഉദ്യോഗസ്ഥനൊപ്പം ഒരു പരീക്ഷാര്‍ഥി മാത്രമേ വാഹനത്തില്‍ കയറാവൂ.
   
 • ഉദ്യോഗസ്ഥരും പരിശീലകരും ഗ്ലാസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ് എന്നിവ ധരിക്കണം.
   
 • പരിശീലനം നല്‍കുന്ന വാഹനം, ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ ദിവസവും അണുവിമുക്തമാക്കണം.
   
 • ലേണേഴ്‌സ് ടെസ്റ്റ് ഓണ്‍ലൈന്‍ രീതിയില്‍ തുടരും.

Content Highlights: Motor Vehicle Department Planning To Restart Driving Licence Test