കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ KL-86 എന്ന ആർടിഒ കോഡിൽ എത്തി നിൽക്കുകയാണ് ഇപ്പോൾ. 1989 മുതൽ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ ആരംഭിച്ചിരുന്നത്. വാഹനം ഏത് ജില്ലയിലാണ് രജിസ്റ്റർ ചെയ്തതെന്ന് എളുപ്പത്തിൽ മനസിലാക്കാൻ ഏർപ്പെടുത്തിയ സംവിധാനമാണ് ഇത്. എന്നാൽ പിന്നീട് ഇത് KL-86 വരെയെത്തി. ഇതോടെ ഏത് ജില്ലയിലെ വാഹനമാണെന്ന് തിരിച്ചറിയാൻ മോട്ടോർ വാഹന വകുപ്പിന് പോലും കഴിയാത്ത അവസ്ഥയായി.എന്നാൽ, ഈ സംവിധാനത്തിന് സഡൻ ബ്രേക്കിടാനുള്ള നീക്കത്തിലാണ് കേരളത്തിലെ മോട്ടോർ വാഹനവകുപ്പ്.

ഏത് വർഷം വാഹനം രജിസ്റ്റർ ചെയ്യുന്നുവോ ആ വർഷം അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ വാഹനങ്ങൾക്ക് നമ്പർ നൽകുക. ഇതോടെ ആർടി ഓഫീസുകളെ അടിസ്ഥാനമാക്കിയുള്ള രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ കഴിയുമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രതീക്ഷ. ഇത് സംബന്ധിച്ച് നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്.

ഇന്ത്യയിൽ ആദ്യമായാണ് വർഷത്തിന്റെ അടിസ്ഥാനത്തിൽ വാഹനങ്ങളുടെ നമ്പർ നൽകുന്ന രീതി നിർദേശിക്കപ്പെടുന്നത്. ഈ സംവിധാനം നടപ്പായാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ വർഷം ഉൾപ്പെടെയുള്ള വിവരങ്ങൾ അനായാസം തിരിച്ചറിയാൻ സാധിക്കുമെന്ന് കേരളാ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത് അറിയിച്ചു.

പുതുതായി വരുന്ന നമ്പർ ക്രമം

വാഹനം രജിസ്റ്റർ ചെയ്യുന്ന വർഷത്തെ അടിസ്ഥാനമാക്കിയായിരിക്കും ഇനി മുതൽ നമ്പർ അനുവദിക്കുക. ഉദാഹരണത്തിന് 2020-ൽ കേരളത്തിൽ എവിടെ രജിസ്റ്റർ ചെയ്യുന്ന വാഹനത്തിനും KL-20 എന്നായിരിക്കും നമ്പർ ആരംഭിക്കുക. അടുത്ത വർഷം രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് KL-21-ൽ ആയിരിക്കും നമ്പർ ആരംഭിക്കുക.

നമ്പറുകൾ

മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാൽ ഈ വർഷം തന്നെ ഈ സംവിധാനം ഒരുങ്ങിയേക്കും. അങ്ങനെ വന്നാൽ, KL-20-AA-1 നമ്പറിലായിരിക്കും ആരംഭിക്കുക. ഇതുപോലെ 9999 കഴിഞ്ഞാൽ KL-20-AB സീരീസിലേക്ക് മാറും. നിലവിലെ രജിസ്ട്രേഷൻ കണക്കനുസരിച്ച് മൂന്ന് ദിവസത്തിനുള്ളിൽ സീരീസ് മാറുമെന്നും ട്രാൻസ്പോർട്ട് കമ്മീഷണർ പറയുന്നു.

ഫാൻസി നമ്പറുകൾ

ഫാൻസി നമ്പറുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് മോട്ടോർ വാഹനവകുപ്പ് പറയുന്നത്. നിലവിൽ ആഴ്ചയിൽ ഒരു ദിവസമാണ് ഫാൻസി നമ്പറുകൾക്കുള്ള ലേലം നടക്കുന്നത്. പുതിയ സമ്പ്രദായം വരുന്നതോടെ എന്നും വൈകുന്നേരം അഞ്ചുമണി മുതൽ രാവിലെ വരെ ഇഷ്ടനമ്പറുകൾ ഓൺലൈനായി തിരഞ്ഞെടുക്കാം.

പ്രധാന നേട്ടം

കേന്ദ്രത്തിന്റെ പുതിയ മോട്ടോർ വാഹനവകുപ്പ് ഭേദഗതി അനുസരിച്ച് എവിടെ വേണമെങ്കിലും വാഹനം രജിസ്റ്റർ ചെയ്യാം. ഇത് നടപ്പായി തുടങ്ങിയാൽ പുതുതായി വന്ന രജിസ്ട്രേഷൻ സീരീസുകളെ വിട്ട് ആളുകൾ കൂടുതൽ തിരിച്ചറിയുന്ന രജിസ്ട്രേഷനിലേക്ക് പോകാനിടയുണ്ട്. ഉദാഹരണത്തിന് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയിലുള്ളവർ അവരുടെ രജിസ്ട്രേഷനായ KL-57 വിട്ട് കോഴിക്കോട് രജിസ്ട്രേഷനായ KL-11 തിരഞ്ഞെടുക്കാം. പുതിയ സംവിധാനം വരുന്നതോടെ ഈ ആശങ്ക ഒഴിവാകും.

നിലവിലെ സ്ഥിതി

1989 മുതൽ 2002 വരെ KL-1 മുതൽ KL-15 വരെയായിരുന്നു കേരളത്തിലെ വാഹനങ്ങളുടെ രജിസ്ട്രേഷൻ. 2002-ൽ ഇതിലേക്ക് KL-16, KL-17, KL-18 എന്നീ സീരീസുകൾ കൂട്ടിച്ചേർത്തു. 2006 ആയതോടെ KL-19 മുതൽ KL-60 വരെയായി രജിസ്ട്രേഷൻ. KL-19 പാറശാലയും KL-60 കാഞ്ഞങ്ങാടുമാണ്. 2011-ൽ ഇത് KL-65 ലേക്കും, 2013-ൽ KL-73-ലേക്കും എത്തുകയായിരുന്നു. നിലവിൽ  KL-86-ലാണ് കേരളത്തിലെ രജിസ്ട്രേഷൻ കോഡ്.

Content Highlights:Motor Vehicle Department Planning To Implement Year Based Vehicle Registration