വാഹനങ്ങള്‍ ചീറിപ്പായുന്ന നടു റോഡില്‍ കാര്‍ നിര്‍ത്തിയിട്ട് മറ്റൊരു കാര്‍ യാത്രികനു ചൂടന്‍ ഉപദേശം. പിന്നാലെയെത്തിയ മോട്ടോര്‍ വാഹനവകുപ്പ് 'ഉപദേശി'യെ കൈയോടെ പൊക്കി പിഴയിട്ടു. ബുധനാഴ്ച രാവിലെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് എക്‌സ്പ്രസ് ഹൈവേയിലായിരുന്നു സംഭവം. 

ഇന്‍ഫോപാര്‍ക്ക് ഭാഗത്തുനിന്നാണ് രണ്ടു കാറുകളും വന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചു എന്നാരോപിച്ച് മുന്നില്‍പ്പോയ പട്ടിമറ്റം സ്വദേശിയായ യുവാവിന്റെ കാര്‍ തടഞ്ഞ് പിന്നാലെയുണ്ടായിരുന്ന കൊല്ലം സ്വദേശി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് റോഡരികിലേക്ക് കാര്‍ ഒതുക്കി നിര്‍ത്തി.

കൊല്ലം സ്വദേശി കാര്‍ നടുറോഡിലും നിര്‍ത്തി. യുവാവിനെ കാറില്‍ നിന്നു പുറത്തിറക്കിയായിരുന്നു ചൂടന്‍ ഉപദേശം. അതുവഴി വന്ന എറണാകുളം ആര്‍.ടി. ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കിഷോര്‍കുമാര്‍ കാര്യം തിരക്കി. വാഹനം റോഡില്‍ നിന്ന് മാറ്റിയിട്ട് സംസാരിക്കാമെന്ന് വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഇദ്ദേഹത്തോട് പറഞ്ഞെങ്കിലും കൂട്ടാക്കിയില്ലത്രെ. 

ഒടുവില്‍ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും മറ്റ് വാഹനങ്ങള്‍ക്ക് അപകടങ്ങള്‍ സൃഷ്ടിക്കുന്ന രീതിയില്‍ വാഹനം നിര്‍ത്തിയിട്ടതിനും കൊല്ലം സ്വദേശിക്കെതിരേ പിഴ ചുമത്തി. വാഹനം തടഞ്ഞുനിര്‍ത്തി മോശമായി സംസാരിച്ചതിന് പട്ടിമറ്റം സ്വദേശി ഇയാള്‍ക്കെതിരേ എറണാകുളം ആര്‍.ടി.ഒ. പി.എം. ഷബീറിന് പരാതിയും നല്‍കി.

Content Highlights: Motor vehicle department, Penalty for illegal parking, vehicle park on road, mvd kerala